'അവര്‍ക്ക് വേണ്ടത് ബലിയാടിനെ': പിരിച്ചുവിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കഫീല്‍ ഖാന്‍
ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാരിനു നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ഡോ കഫീൽ ഖാൻ
ഉത്തർപ്രദേശ് സർക്കാര്‍ തന്നെ പിരിച്ചുവിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡോ കഫീൽ ഖാൻ. 2017ൽ ഓക്‌സിജൻ ക്ഷാമം മൂലം കുട്ടികൾ മരിച്ച സംഭവത്തിലാണ് യു.പി സര്‍ക്കാര്‍ ഡോ കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.
യുപി സർക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ പിഴവുകൾ ജനമധ്യത്തിൽ കൊണ്ടുവന്നതുകൊണ്ടാണ് സർക്കാർ തന്നെ വേട്ടയാടുന്നതെന്നും കഫീൽ ഖാൻ പറഞ്ഞു. മുസ്‍ലിമായതുകൊണ്ടു മാത്രമല്ല എന്നെ ലക്ഷ്യം വെയ്ക്കുന്നത്. അവര്‍ക്ക് ഒരു ബലിയാടിനെ വേണമായിരുന്നു. സ്വന്തം ആളുകളെ രക്ഷിക്കാനാണ് അവരിങ്ങനെ ചെയ്തതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. നവംബർ 11നാണ് കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് യു.പി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഗോരഖ്പൂരിലെ ആശുപത്രിയിൽ 63 കുഞ്ഞുങ്ങളും 18 രോഗികളും മരിക്കാനിടയായ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാരിനു നേരത്തെ അറിവുണ്ടായിരുന്നുവെന്നും ഡോ കഫീൽ ഖാൻ പറഞ്ഞു. ഹൈക്കോടതിയും സർക്കാർ അന്വേഷണ കമ്മിഷനുകളും തന്നെ കുറ്റവിമുക്തനാക്കിയ ശേഷമാണ് സര്‍ക്കാര്‍ തന്നെ പിരിച്ചുവിട്ടത്. താന്‍ ആളുകളെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടുള്ളതാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
ആശുപത്രിയില്‍ 68 ലക്ഷം രൂപ ഓക്സിജൻ വിതരണക്കാർക്കു കുടിശികയുണ്ടായിരുന്ന വിവരം സർക്കാരിനെ അറിയിച്ചിരുന്നു. ഇതുകാണിച്ച് 14 തവണ ഏജന്‍സി കത്തു നൽകി. ദുരന്തത്തിനു തലേന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഗോരഖ്പുർ ആശുപത്രി സന്ദർശിച്ച വേളയിൽ ഏജന്‍സി നേരിട്ട് കത്തു കൈമാറുകയും 24 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജനേ ഉള്ളൂവെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയെടുത്തില്ലെന്നു രേഖകൾ സഹിതം കഫീൽ ഖാൻ വിശദീകരിക്കുന്നു.
സർക്കാർ സർവീസിൽ ചേരുന്നതിനു മുൻപ് സ്വകാര്യ പ്രാക്ടിസ് നടത്തിയതാണു പിരിച്ചുവിടാൻ ഒരു കാരണമായി പറയുന്നത്. 2016 ആഗസ്ത് 8നാണ് താന്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നത്. അതിന് മുന്‍പ് ഞാന്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയോ എന്നത് വിഷയമല്ല. എന്നിട്ടും സ്വകര്യ പ്രാക്ടീസ് വിഷയമാണെന്നാണ് അവര്‍ പറയുന്നത്. ഐഎംസിയിൽ റജിസ്റ്റർ ചെയ്താൽ ഇന്ത്യയിലെവിടെയും ജോലി ചെയ്യാമെന്നിരിക്കെ, യുപി മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനില്ല എന്ന ആരോപണവും പകപോക്കാൻ വേണ്ടിയാണെന്ന് ഡോ കഫീൽ ഖാൻ പറയുന്നു.