സത്യപാലിന്റെ വെളിപ്പെടുത്തൽ: പുൽവാമ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സൈനികരുടെ കുടുംബം
2019ൽ നടന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചതായി ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് വെളിപ്പെടുത്തിയിരുന്നു
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സൈനികരുടെ കുടുംബം. 2019ൽ നടന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചതായി ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് അന്ന് കൊല്ലപ്പെട്ട 40 സൈനികരിൽ ചിലരുടെ കുടുംബം അന്വേഷണം ആവശ്യപ്പെട്ടത്. സംഭവത്തിൽ വീഴ്ച സംഭവിച്ചതും അത് മറച്ചുവെക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതും റിപ്പോർട്ട് ചെയ്ത ദി വയർ തന്നെയാണ് ഇക്കാര്യവും റിപ്പോർട്ട് ചെയ്തത്.
2019 ഫെബ്രുവരി 14ന് പുൽവാമ സംഭവം നടന്നത് മുതൽ അത് സർക്കാർ സംഘടിപ്പിച്ച രാഷ്ട്രീയ നാടകമാണെന്ന സംശയം തന്റെ മുമ്പിൽ ഉണ്ടായിരുന്നുവെന്നും മാലികിന്റെ വെളിപ്പെടുത്തലോടെ അത് തീർച്ചയായെന്നും കൊല്ലപ്പെട്ട സൈനികൻ ഭഗീരഥിന്റെ പിതാവ് പരശുറാം പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തു. 'ഇത് അധികാരത്തിൽ വരാൻ വേണ്ടിയുള്ളതാണെന്ന് എനിക്ക് നൂറു ശതമാനം വിശ്വാസമുണ്ട്. അധികാരക്കസേരയ്ക്ക് വേണ്ടി മോദി സർക്കാർ ചെയ്തതാണിത്' പരശുറാം തറപ്പിച്ച് പറഞ്ഞു.
200 കിലോയോളം സ്‌ഫോടന വസ്തുക്കൾ നിറച്ച വാഹനം എങ്ങനെ സൈനികരുടെ വാഹനത്തിലേക്ക് കടന്നുകയറി സ്‌ഫോടനം നടത്തിയെന്നും പ്രധാനമന്ത്രി അന്നേരം എവിടെയായിരുന്നുവെന്നും ഉറങ്ങുകയായിരുന്നുവോയെന്നും അദ്ദേഹം ദേഷ്യത്തോടെ ചോദിച്ചു.
സംഭവത്തിൽ കൊല്ലപ്പെട്ട ജീത്‌റാമിന്റെ സഹോദരൻ വിക്രമും അന്വേഷണം ആവശ്യപ്പെട്ടു. 30ാം വയസ്സിൽ തന്റെ സഹോദരന് ജീവഹാനി വരുത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സംഭവത്തിൽ സഹോദരൻ കൊല്ലപ്പെട്ടത് മൂലം കുടുംബം ഇപ്പോഴും ദുഃഖത്തിലാണെന്നും കുടുംബാംഗം നഷ്ടപ്പെട്ടവർക്ക് മാത്രമേ അക്കാര്യം മനസ്സിലാകൂവെന്നും അദ്ദേഹം ദി വയറിനോട് പറഞ്ഞു. കാര്യങ്ങൾ ആ സമയത്ത് തന്നെ സത്യപാൽ പറയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കൊല്ലപ്പെട്ട രോഹിതാഷിന്റെ കുടുംബവും ഇപ്പോഴും കണ്ണുനീരിലാണ്. തന്റെ സഹോദരനടക്കമുള്ളവർക്ക് ജീവഹാനിയുണ്ടായത് സർക്കാറിന്റെ കഴിവുകേട് മൂലമാണെന്ന് അറിഞ്ഞത് മുതൽ ഇതര സൈനികരുടെ ജീവനെ കുറിച്ചാണ് തന്റെ ആവലാതിയെന്ന് രോഹിതാഷിന്റെ സഹോദരൻ ജിതേന്ദ്ര പറഞ്ഞു. 'ആ സൈനികർക്ക് സംഭവിച്ചത് മറ്റാർക്കും ഉണ്ടാകരുത്. സൈനികരെ കൊണ്ടുപോകാൻ എയർക്രാഫ്റ്റ് വേണമെന്ന ആവശ്യത്തോട് ആഭ്യന്തര മന്ത്രാലയം നോ പറയരുതായിരുന്നു. സൈനികർ ചോദിക്കുന്നത് ഒരുക്കിക്കൊടുക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്' ജിതേന്ദ്ര ചൂണ്ടിക്കാട്ടി. സത്യപാൽ മാലിക് ആരെയും ഭയക്കാത്ത ആളാണെന്നും അദ്ദേഹം പറയുന്നത് സത്യമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പുൽവാമ ആക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നും സത്യപാൽ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണ്. ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടു. പക്ഷെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നു.
ഈ വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടെന്നും സത്യപാൽ മാലിക് വ്യക്തമാക്കി. അതേസമയം രാജ്യത്ത് നടക്കുന്ന അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാതൊരു പ്രശ്‌നമില്ലെന്നും സത്യപാൽ മാലിക് പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന് ജനറൽ ശങ്കർ റോയ്ചൗധരി(18ാമത് കരസേനാ മേധാവി)യും കുറ്റപ്പെടുത്തിയിരുന്നു. സി.ആർ.പി.എഫ് ജവാൻമാർ ശ്രീനഗറിലേക്ക് വിമാനമാർഗം യാത്ര ചെയ്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. ദേശീയ സുരക്ഷ ഏജൻസിക്കും ഇന്റലിജൻസ് വീഴ്ചയിൽ ഉത്തരവാദിത്തമുണ്ട്. ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ പതിനെട്ടാമത് കരസേന മേധാവിയുടെ വിമർശനം.അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു വിമാനം നൽകിയിരുന്നെങ്കിൽ നമ്മുടെ ജവാന്മാർക്ക് ജീവൻ നഷ്ടപ്പെടുത്തേണ്ട അവസ്ഥ വരില്ലായിരുന്നെന്നും ജനറൽ ശങ്കർ റോയ്ചൗധരി പറഞ്ഞു.
2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ 49 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു.
ദേശീയപാത 44ൽ അവന്തി പുരയ്ക്കടുത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോ വാൻ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറുമുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. തുടർന്ന് ഇന്ത്യ തിരിച്ചടിച്ചു. ആക്രമണത്തിന്റെ 12-ാം ദിനം പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തിൽ തകർത്തു.
അതേസമയം, ഭീകരാക്രമണ വിഷയത്തിൽ കേന്ദ്ര സർക്കാർ ശക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിരമിച്ച അർധസൈനികരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ ആത്മാർഥതയില്ലാത്ത നിലപാടാണ് മോദി സർക്കാരിനെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ ജന്തർ മന്തറിൽ അഖിലേന്ത്യ കോൺഫെഡറേഷൻ ഓഫ് എക്സ് പാരാമിലിട്ടറി മർട്ടിയർ വെൽഫെയർ അസോസിയേഷൻ ധർണ നടത്തി.
സ്വന്തം പാർട്ടിയാണെങ്കിൽ പോലും ബിജെപിക്കും മോദിക്കുമെതിരെ നേരത്തെയും വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുള്ള ആളാണ് മുൻ മേഘാലയ ഗവർണർ കൂടിയായ സത്യപാൽ മാലിക്. കർഷക സമര സമയത്തും അദ്ദേഹം മോദിയെ കടന്നാക്രമിച്ചിരുന്നു. മോദിക്ക് ധാർഷ്ട്യമെന്നായിരുന്നു മാലികിന്റെ വിമർശനം.
പ്രധാനമന്ത്രിയുമായി കർഷകസമരം ചർച്ച ചെയ്യാൻ പോയിരുന്നെന്നും എന്നാൽ അഞ്ചു മിനിറ്റിനുള്ളിൽ തർക്കിച്ചു പിരിയുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. 500 കർഷകർ കർഷകർ മരിച്ചെന്ന് അറിയിച്ചപ്പോൾ അവരെനിക്ക് വേണ്ടിയിട്ടാണോ മരിച്ചത് എന്ന പ്രധാനമന്ത്രിയുടെ മറുചോദ്യമാണ് മാലികിനെ ചൊടിപ്പിച്ചത്. തുടർന്ന് ഹരിയാനയിലെ ദാദ്രിയിൽ നടന്ന പൊതുപരിപാടിയിൽ മോദിക്കെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തിരുന്നു. സത്യപാൽ മാലികിന്റെ വെളിപ്പെടുത്തലിൽ ബി.ജെ.പിയും കേന്ദ്ര സർക്കാറും പ്രതിരോധത്തിലാണ്. ആരോപണത്തിൽ പ്രതികരിക്കാൻ ഇതുവരെ ബി.ജെ.പി തയ്യാറായിട്ടില്ല.
After Satyapal Malik's disclosure, the family of the slain soldiers demanded an inquiry into the Pulwama incident