അഗ്നിപഥ്: സമരക്കാർക്കെതിരെ എത്ര ബുൾഡോസറുകൾ ഉപയോഗിച്ചെന്ന് ഉവൈസി
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദ് അടക്കമുള്ളവരുടെ വീടുകൾ പൊളിച്ചുനീക്കിയിരുന്നു. അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി വീടുകൾ പൊളിച്ചത്.
ഹൈദരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുമോ എന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. കേന്ദ്രസർക്കാർ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് ഉദ്യോഗാർഥികളുടെ വൻ പ്രക്ഷോഭമാണ് നടക്കുന്നത്. ജോലിസ്ഥിരതയോ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളോ ഇല്ലാത്ത പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.
''മോദി സർക്കാറിന്റെ തെറ്റായ തീരുമാനത്തിനെതിരെ നിരവധി യുവാക്കളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. എത്ര ബുൾഡോസറുകൾ സമരക്കാർക്കെതിരെ ഉപയോഗിച്ചു?''-ഉവൈസി ചോദിച്ചു. ആരുടെയും വീടുകൾ തകർക്കപ്പെടണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധിക്കുന്നവർ നമ്മുടെ മക്കളാണെന്നും പദ്ധതിയുടെ സ്വഭാവം ഭരണകൂടം അവരോട് വിശദീകരിക്കുകയാണെന്നുമുള്ള വാരണാസി പൊലീസ് കമ്മീഷണർ എ സതീഷ് ഗണേഷിന്റെ പ്രസ്താവനയും ഉവൈസി പരാമർശിച്ചു.
''കമ്മീഷണർ സാഹബ്...എന്താ മുസ്‌ലിംകൾ നിങ്ങളുടെ മക്കളല്ലേ? ഞങ്ങളും ഈ രാജ്യത്തിന്റെ മക്കളാണ്''-ഉവൈസി പറഞ്ഞു. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിക്കുന്ന മുസ്‌ലിംകളെ നേരിടുമ്പോൾ പൊലീസ് എന്തുകൊണ്ടാണ് ഈ നയം സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
#WATCH | Because of PM Modi's wrong decision, they (youth) have come out on the roads. A way was found to ruin the youth of the country. How many bulldozers will you use to destroy their house now? We don't want you to destroy anyone's house...: AIMIM chief on #Agnipath protest pic.twitter.com/nVL0GEL3ux
— ANI (@ANI) June 18, 2022
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദ് അടക്കമുള്ളവരുടെ വീടുകൾ പൊളിച്ചുനീക്കിയിരുന്നു. അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി വീടുകൾ പൊളിച്ചത്.