ഭരണഘടനാ ചർച്ചയിൽ നേടിയ മേൽക്കൈ അംബേദ്കര്‍ വിഷയത്തിൽ ഉടച്ച് ബിജെപി; പ്രതിപക്ഷത്തെ ഒരുമിച്ചു നിർത്തിയ പരാമര്‍ശം
ജയ് ഭീം മുദ്രാവാക്യം പ്രതിപക്ഷ പാർട്ടികൾ മുഴുവൻ ഏറ്റെടുത്തു എന്നതാണ് സമ്മേളനത്തിന്‍റെ പ്രത്യേകത
ഡല്‍ഹി: ശീതകാല സമ്മേളനത്തിലെ ഭരണഘടനാ ചർച്ചയിൽ നേടിയ മേൽക്കൈ അംബേദ്കര്‍ വിഷയത്തിൽ ഉടച്ച് ബിജെപി. ഭിന്നിച്ചു പോകാൻ തുടങ്ങിയ പ്രതിപക്ഷത്തെ ഒരുമിച്ചു നിർത്തിയത് അമിത് ഷായുടെ അംബേദ്കര്‍ പരാമർശമായിരുന്നു. ജയ് ഭീം മുദ്രാവാക്യം പ്രതിപക്ഷ പാർട്ടികൾ മുഴുവൻ ഏറ്റെടുത്തു എന്നതാണ് സമ്മേളനത്തിന്‍റെ പ്രത്യേകത.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലും മഹാരാഷ്ട്രയിലും ബിജെപി ക്ക് തിരിച്ചടി നൽകിയത് ഭരണ ഘടന ഉയർത്തി പിടിച്ചുള്ള ഇന്ത്യ സഖ്യത്തിന്‍റെ പ്രചരണമായിരുന്നു.ഒരു തവണ ഈ ചൂടുവെള്ളത്തിൽ വീണതിനാൽ ,അംബേദ്കറെ അമിത്ഷാ അപമാനിച്ചു എന്ന വാദം കോൺഗ്രസ് ഉയർത്തിയപ്പോൾ പ്രതിരോധവുമായി ആദ്യം ഇറങ്ങിയത് പ്രധാനമന്ത്രിയായിരുന്നു. തൊട്ട് പിന്നാലെ വാർത്താ സമ്മേളനവുമായി അമിത് ഷാ നേരിട്ടിറങ്ങി.പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് രണ്ടാം നിര നേതാക്കളെ കൊണ്ട് മറുപടി പറയിക്കുക എന്ന സ്ഥിരം പരിപാടി മാറ്റിവച്ചു. അംബേദ്ക്കറെ അപമാനിച്ചത് കോൺഗ്രസ് ആണെന്ന് സമർത്ഥിക്കാൻ തുടങ്ങി. രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് വഴി തെറ്റിക്കാനുള്ള ശ്രമവും ഏശിയില്ല. രാഹുലിന്‍റെ കേസ് മാറ്റി നിർത്തി,അമിത്ഷാ യുടെ മാപ്പും രാജിയും ആവശ്യപെട്ട് അംബേദ്കറുടെ ചിത്രവും ജയ് ഭീം മുദ്രാവാക്യ വുമായി പ്രതിപക്ഷം കളം നിറഞ്ഞു.അവിചാരിതമായി വീണുകിട്ടിയ ആയുധം ബിജെപിയുടെ മർമത്ത് തന്നെ പ്രതിപക്ഷം എറിഞ്ഞു പിടിപ്പിച്ചു.
പാർലമെന്‍റ് സമ്മേളനം വരെ മാത്രം നീളുന്ന പതിവ് സമരങ്ങൾക്ക് അപ്പുറം ജനകീയ പ്രക്ഷോഭമായി ഉയർത്തി കൊണ്ടുവരാൻ കോൺഗ്രസിന് കഴിയുമോ എന്നാണ് ഇന്‍ഡ്യാ മുന്നണി ഉറ്റുനോക്കുന്നത്.