തലക്ക് പരിക്ക്; കർണാടകയിൽ വനിതാ മന്ത്രിയെ അപമാനിച്ച ബിജെപി നേതാവിന് ജാമ്യം
അമിത് ഷായുടെ അംബേദ്‌കർ വിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട് കർണാടക നിയമസഭയിൽ നടന്ന വാക്‌പോരിനിടെയാണ് വനിതാ മന്ത്രിക്ക് നേരെ ബിജെപി നേതാവ് അധിക്ഷേപ പരാമർശം നടത്തിയത്.
ബെംഗളൂരു: വനിതാ മന്ത്രിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ ബിജെപി എംഎൽസി സി.ടി രവിക്ക് ഇടക്കാലജാമ്യം. നിയമസഭാ മന്ദിരത്തിലുണ്ടായ സംഘർഷത്തിൽ ഇദ്ദേഹത്തിന്റെ തലക്ക് പരിക്കേറ്റിരുന്നു. സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ ബെൽഗാമിലെ ഒരു ഡോക്‌ടർ സിടി സ്‌കാൻ ശുപാർശ ചെയ്‌തതായി ചൂണ്ടിക്കാട്ടി രവി നൽകിയ ഹരജി ഹൈക്കോടതി സ്വീകരിക്കുകയായിരുന്നു.
മോശം പരാമർശം നടത്തിയെന്ന കർണാടക വനിതാ-ശിശു വികസന മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കറുടെ പരാതിയിലാണ് ബിജെപി എംഎൽസിയും പാർട്ടി മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സി.ടി.രവിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. കർണാടക നിയമനിർമാണ കൗൺസിൽ ചർച്ചക്കിടെ ആയിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് രവിക്ക് മേൽ ചുമത്തിയിട്ടുള്ളത്. എന്നാൽ, അധിക്ഷേപ വാക്കുകളൊന്നും പറഞ്ഞിട്ടില്ലെന്ന് കൗൺസിൽ സ്‌പീക്കർ പറഞ്ഞതായി രവിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കിലും ഹരജിക്കാരനെ കയ്യേറ്റം ചെയ്യേണ്ട ആവശ്യം പൊലീസിന് ഉണ്ടായിരുന്നില്ലെന്ന് കോടതിയും നിരീക്ഷിച്ചു. കേന്ദ്രമന്ത്രി അമിത് ഷായുടെ അംബേദ്‌കർ വിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട് കർണാടക നിയമസഭയിൽ കനത്ത വാക്ക്പോരാണ് നടന്നത്. ഇതിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലഹരിക്ക് അടിമയാണെന്ന് സി.ടി രവി ആരോപിച്ചു. തുടർന്ന് രവിയുടെ കാർ ഇടിച്ച് 2 പേർ മരിച്ച സംഭവം ചൂണ്ടിക്കാട്ടി ലക്ഷ്‌മി ഹെബ്ബാൾക്കർ ഇദ്ദേഹത്തെ കൊലയാളിയെന്ന് വിളിച്ചു. ഇതിൽ പ്രകോപിതനായ രവി തുടർച്ചയായി മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുകയായിരുന്നു.
അതിനിടെ, ലക്ഷ്‌മി ഹെബ്ബാൾക്കറുടെ അനുയായികൾ നിയമസഭാ മന്ദിരത്തിലേക്കു കടന്നുകയറി സി.ടി.രവിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.
പൊലീസിന് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാമായിരുന്നുവെന്നും കോടതി പറഞ്ഞു. ഹരജിക്കാരൻ പ്രതിപക്ഷ പാർട്ടിയുടെ സിറ്റിങ് എംഎൽസിയാണ്. അദ്ദേഹമൊരു ജനപ്രതിനിധിയായതിനാൽ ഒളിവിൽ പോകുമായിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന പതിവ് തെറ്റിച്ച് ജാമ്യം അനുവദിച്ചുള്ള ഉത്തരവ് കോടതി ഉടൻ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും. ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചാൽ രവിയെ പൊലീസ് വിട്ടയക്കും.
ഇതിനിടെ, രവിയുടെ ഇടക്കാല ജാമ്യാപേക്ഷയിൽ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി വിധി നാളത്തേക്ക് മാറ്റിയിട്ടുണ്ട്. എങ്കിലും ഹൈക്കോടതി വിധി അനുകൂലമായതിനാൽ ജാമ്യം ലഭിക്കുമെന്നാണ് വിവരം.
അതേസമയം കർണാടക സർക്കാർ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് രവി ആരോപിച്ചു. ബെലഗാവിയിലെ സുവർണ വിധാന സൗധയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്ത ശേഷം , ആദ്യം ഖാനാപൂർ പൊലീസ് സ്റ്റേഷനിലേക്കാണ് തന്നെ കൊണ്ടുപോയതെന്ന് രവി പറയുന്നു. കുറച്ച് സമയത്തിന് ശേഷം രാം ദുർഗ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആ രാത്രി മുഴുവൻ പൊലീസ് വാഹനത്തിൽ ചുറ്റിക്കറക്കുകയായിരുന്നു. രാവിലെയാണ് ഫ്രഷ് ആകാൻ ഒരു റിസോർട്ടിലേക്ക് കൊണ്ടുപോയത്. തുടർന്ന് പരിശോധനയ്ക്കായി രാവിലെ 10 മണിയോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും രവി വിശദീകരിച്ചു. ശേഷം, ബെലഗാവിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ബംഗളൂരുവിലേക്ക് കൊണ്ടുപോയി.
വിധാൻ സൗധയ്ക്കു പുറത്തു പാർക്ക് ചെയ്‌തിരുന്ന രവിയുടെ കാർ പ്രതിഷേധക്കാർ അടിച്ചുതകർത്തിരുന്നു. രവിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിലും കാർ തകർത്ത കേസിലുമായി ലക്ഷ്‌മി ഹെബ്ബാൾക്കറുടെ ഇരുപത്തഞ്ചോളം അനുയായികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.