അഭിഷേക് ബച്ചന്റെ സിനിമ പ്രചോദനമായി; ആഗ്ര സെൻട്രൽ ജയിയിലിലെ തടവുകാർക്ക് ബോര്‍ഡ് പരീക്ഷകളിൽ വിജയം
12 തടവുകാരാണ് 10, 12 ക്ലാസുകളിലെ എഴുതിയത്. അവരിൽ എല്ലാവരും വിജയിക്കുകയും ചെയ്തു
ആഗ്ര: ആഗ്ര സെൻട്രൽ ജയിലിൽ കഴിയുന്ന 12 തടവുകാർ ഉത്തർപ്രദേശ് സംസ്ഥാന ബോർഡ് പരീക്ഷകളിൽ വിജയിച്ചു.10, പ്ലസ്ടു പരീക്ഷകളിലാണ് തടവുകാർ വിജയം നേടിയത്.
അഭിഷേക് ബച്ചൻ നായകനായി എത്തിയ 'ദസ്വി' എന്ന സിനിമയുടെ ചിത്രീകരണം കണ്ടതിന് ശേഷമാണ് പഠിക്കാൻ പ്രേരണ ലഭിച്ചതെന്ന് പരീക്ഷ ജയിച്ച തടവുകാരിൽ ഒരാളായ ജിതേന്ദ്ര സിംഗ് പ്രതികരിച്ചു. ഇത് സന്തോഷത്തിന്‍റെ നിമിഷമാണ്. ജയിലഴികള്‍ക്കുള്ളില്‍ നിന്ന് ഞങ്ങള്‍ പരീക്ഷ ജയിച്ചത് മറ്റ് തടവുകാരെയും പ്രചോദിപ്പിക്കും'..അദ്ദേഹം പറഞ്ഞു.
'ദസ്വി' സിനിമയുടെ ചിത്രീകരണം ആഗ്ര ജയിലിലായിരുന്നു നടന്നത്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത സിനിമയില്‍ ജയില്‍ തടവുപുള്ളിയുടെ വേഷത്തിലാണ് അഭിഷേക് ബച്ചന്‍ അഭിനയിച്ചത്. നിരക്ഷരനും അഴിമതിക്കാരനുമായ രാഷ്ട്രീയക്കാനായ കഥാപാത്രം പിന്നീട് വിദ്യാഭ്യാസം നേടുന്നതാണ് ചിത്രം പറയുന്നത്.
'ആഗ്രയിലെ സെൻട്രൽ ജയിലിൽ 12 തടവുകാരാണ് പരീക്ഷ എഴുതിയത്. അവരിൽ എല്ലാവരും വിജയിച്ചതായി ആഗ്ര സെൻട്രൽ ജയിൽ സീനിയർ സൂപ്രണ്ട് വി.കെ സിംഗ് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. മറ്റു തടവുകാരെ പഠിപ്പിക്കുന്ന വിദ്യാസമ്പന്നരായ ചില തടവുകാർ ജയിലിലുണ്ട്. ജയിൽ ഭരണകൂടവും അവർക്ക് എല്ലാ പുസ്തകങ്ങളും പഠിക്കാനായി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.