അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ്: വ്യവസായി ശ്രാവൺ ഗുപ്തയുടെ 16.57 കോടിരൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
2022ലും ഗുപ്തയുടെയും ഭാര്യയുടെയും 4.05 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു
ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ അഴിമതിക്കേസിൽ പ്രതിയായ വ്യവസായി ശ്രാവൺ ഗുപ്തയുടെ 16.57 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകട്ടി.
ഡൽഹിയിലെ സുപ്രധാനമേഖലയിലെ ഭൂമിയാണ് അറ്റാച്ച് ചെയ്യുന്നത്. 2022ലും ഗുപ്തയുടെയും ഭാര്യയുടെയും 4.05 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
രാഷ്ട്രപതിയുൾപ്പടെയുള്ള അതിവിശിഷ്ട വ്യക്തികളുടെ യാത്രക്കായി ഇറ്റാലിയൻ കമ്പനിയായ ഫിൻമെക്കാനിക്കയുടെ ഉപസ്ഥാപനമായ അഗസ്റ്റ വെസ്റ്റ്ലാൻഡിൽ നിന്ന് 3700 കോടി രൂപയ്ക്ക് 12 ഹെലികോപ്ടറുകൾ വാങ്ങാൻ 2010 ലാണ് കരാർ ഒപ്പിടുന്നത്. ഇടനിലക്കാരുടെ ഇടപെടലും കൈക്കൂലി ആരോപണവും ഉയർന്നതിന് പിന്നാലെയാണ് 2013ൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.
കരാർ വഴി സർക്കാരിന് 2666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു സി.ബി.ഐയുടെ എഫ്.ഐ.ആറിലെ ആരോപണം.കേസെടുത്തതിന് തൊട്ടുപിന്നാലെ 2019 നവംബറിൽ രാജ്യം വിട്ട ഗുപ്ത നിലവിൽ യു.കെയിലാണുള്ളത്. അദ്ദേഹത്തെ കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.