പുനഃ സംഘടനയിലൂടെ കൂടുതൽ സെക്രട്ടറിമാരെ നിയോഗിക്കാൻ എ ഐ സി സി ഒരുങ്ങുന്നു
എറണാകുളം എംപി ഹൈബി ഈഡനെയും പരിഗണിക്കുന്നുണ്ട്.
ന്യൂഡൽഹിക: ലോക്സഭാ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സെക്രട്ടറിമാരെ നിയോഗിക്കാൻ എ .ഐ .സി .സി ആലോചിക്കുന്നു. ചെറുപ്പക്കാർക്ക് മുൻഗണന നൽകിയുള്ള പുനഃ സംഘടനയാണ് ലക്ഷ്യമിടുന്നത് . സെക്രട്ടറി സ്ഥാനത്തേക്ക് എറണാകുളം എംപി ഹൈബി ഈഡനെയും പരിഗണിക്കുന്നുണ്ട്.
ലോക്സഭാ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുന സംഘടനയെക്കുറിച്ചും കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല ഏറ്റെടുത്ത ജനറൽ സെക്രട്ടറിമാരുടെ പ്രവർത്തനത്തിലും നേതൃത്വത്തിന് തൃപ്തി പോരാ .
മധ്യപ്രദേശിന്റെ നിയമ സഭാ തെരെഞ്ഞെടുപ്പിനു ആഴ്ചകൾക്ക് മുൻപ് , സംഘടനാ ചുമതലയിൽ മാറ്റം വരുത്തിയത് ദോഷം ചെയ്‌തെന്ന് കണക്കുകൂട്ടൽ . വിദ്യാർത്ഥി സംഘടനയിലും ലോക്സഭാ അംഗം എന്ന നിലയിലും ദേശീയ തലത്തിൽ പ്രവർത്തിച്ചുള്ള പരിഗണയിലാണ് ഹൈബി ഈഡനെ പരിഗണിക്കുന്നത്.
കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെട്ടത് കൂടി ഇത്തവണ പേരുയരാൻ കാരണമാണ്. പി റ്റി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന ഒരു കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് പുതിയ ആളെ നിയമിച്ചിട്ടില്ല .
ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിൽ ഇല്ലെന്ന പരാതി പരിഹരിക്കാനാണ് റോജി എം ജോൺ നിലനിൽക്കെ തന്നെ ഹൈബി ഈഡനെയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
കർണാടകയിലും തെലങ്കാനയിലും എ.ഐ .സി .സി സെക്രട്ടറി എന്ന നിലയിൽ മികച്ച പ്രവർത്തനനം പിസി വിഷ്ണുനാഥ് കാഴ്ച വച്ചു എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ . മുൻ കൂട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി പുതിയ സ്ഥാനാർത്ഥിയെ നിയോഗിച്ചപ്പോഴും പ്രശ്‍നങ്ങൾ ഇല്ലാതെ രമ്യമായി പരിഹരിക്കാൻ കഴിഞ്ഞത് വിഷ്ണുനാഥിന്റെ ഇടപെടലായിരുന്നു. ജനറൽ സെക്രട്ടറി പദം വിഷ്ണുവിന് ആലോചിച്ചിരുന്നെങ്കിലും ഒരേ സമുദായത്തിൽ നിന്നുള്ളവർ അധികമാകുന്നു എന്നകാരണത്താൽ ഉപേക്ഷിക്കുകയായിരുന്നു.