നിയമസഭാ തെരഞ്ഞെടുപ്പ്: ബി.ജെ.പിയെ വീഴ്ത്താൻ മഹാവികാസ് അഘാഡിയുമായി കൈകോർക്കാൻ തയാറെന്ന് എ.ഐ.എം.ഐ.എം

'ഞങ്ങൾക്ക് കുറച്ചെങ്കിലും ശക്തിയും വോട്ട് ബാങ്കും ഉണ്ടെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അവർ ഞങ്ങളോട് പിന്തുണ ചോദിക്കും. ഇല്ലെങ്കിൽ ചോദിക്കില്ല'- ജലീൽ പറഞ്ഞു.

Update: 2024-08-20 06:13 GMT
Advertising

മുബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യവുമായി കൈകോർക്കാൻ തയാറെന്ന് എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷൻ ഇംതിയാസ് ജലീൽ. മുംബൈയിൽ നടന്ന പാർട്ടി യോ​ഗത്തിനു ശേഷം ഒരു മറാത്തി ന്യൂസ് ചാനലിനോട് സംസാരിക്കവെയാണ് ജലീൽ നിലപാട് അറിയിച്ചത്.

'ഞങ്ങൾ ഇക്കാര്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലും പറഞ്ഞിരുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കൈകോർക്കാൻ തയാറാണെന്ന് മഹാവികാസ് അഘാഡി സഖ്യത്തോട് ഞങ്ങൾ വീണ്ടും പറയുന്നു. എന്നാൽ സഖ്യത്തിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നത് അവരാണ് തീരുമാനിക്കേണ്ടത്'- മുൻ എം.പി കൂടിയായ ഇംതിയാസ് ജലീൽ പറഞ്ഞു.

'എം.വി.എ (മഹാവികാസ് അഘാഡി)യിലെ പാർട്ടികൾ ഞങ്ങളെയും കൂട്ടുകയാണെങ്കിൽ അതവർക്ക് ​ഗുണം ചെയ്യും. ഇല്ലെങ്കിൽ ഞങ്ങൾ ഒറ്റയ്ക്ക് മത്സരിക്കും. ഞങ്ങൾക്ക് കുറച്ചെങ്കിലും ശക്തിയും വോട്ട് ബാങ്കും ഉണ്ടെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അവർ ഞങ്ങളോട് പിന്തുണ ചോദിക്കും. ഇല്ലെങ്കിൽ ചോദിക്കില്ല'- ജലീൽ അഭിപ്രായപ്പെട്ടു.

എം.വി.എ ഘടകകക്ഷിയായ ശിവസേന (യു.ബി.ടി)യുമായി എ.ഐ.എം.ഐ.എമ്മിന് പ്രശ്‌നമില്ലേ എന്ന ചോദ്യത്തിന്, 'ബി.ജെ.പി രാജ്യത്തെ നശിപ്പിച്ചു. അതിനാൽ അവരെ ഏത് വിധേനയും ഭരണത്തിൽ നിന്ന് പുറത്താക്കാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു'- എന്ന് അദ്ദേഹം മറുപടി നൽകി. പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡിയുമായി (വി.ബി.എ) സഖ്യമുണ്ടാക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും ഇംതിയാസ് പറഞ്ഞു.

ഭരണത്തിലിരിക്കുന്ന മഹായുതി സർക്കാരിൻ്റെ ‘ലഡ്‌കി ബഹൻ’ പദ്ധതിക്കെതിരെയും അദ്ദേഹം രം​ഗത്തെത്തി. 'എത്രയോ വർഷങ്ങൾക്ക് ശേഷം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തനിക്ക് സംസ്ഥാനത്ത് ഇത്രയധികം സഹോദരിമാരുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇപ്പോൾ സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതിനു ശേഷം അവർ ജനങ്ങളോട് പരസ്യമായി വോട്ട് ചോദിക്കുന്നു. സഹോദരിമാരോട് ഒരു സ്നേഹവുമില്ല എന്നാണ് ഇത് തെളിയിക്കുന്നത്. വോട്ടിനായുള്ള കളികൾ മാത്രമാണത്'- ഇംതിയാസ് വിശദമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണമുന്നണിക്ക് തിരിച്ചടിയുണ്ടായതിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ- നവംബർ മാസങ്ങളിൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളിൽ 31ലും മഹാവികാസ് അഘാഡി വിജയിച്ചപ്പോൾ ബി.ജെ.പി- ഷിൻഡെ പക്ഷം ശിവസേന- എൻ.സി.പി (അജിത് പവാർ) കക്ഷികളുടെ നേതൃത്വത്തിലുള്ള ഭരണമുന്നണിക്ക് 17 സീറ്റുകൾ മാത്രമാണ് നേടാനായത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News