ട്രെയിൻ പുറപ്പെടുന്നത് വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി; നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

റെയിൽവേ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ ട്രെയിനിൽ ആരോ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞത്.

Update: 2023-01-21 16:25 GMT
Advertising

ന്യൂ‍ഡൽഹി: ട്രെയിൻ പുറപ്പെടുന്നത് വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ നാവികസേനാ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. ഡൽഹി- മുംബൈ രാജധാനി എക്സ്പ്രസിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. സംഭവത്തിൽ ഐ.എ.എഫ് സർജന്റും യു.പിയിലെ ദാദ്രി സ്വദേശിയുമായ സുനിൽ സാങ്‌വാൻ ആണ് അറസ്റ്റിലായത്.

റെയിൽവേ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ ട്രെയിനിൽ ആരോ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞത്. 4.55നായിരുന്നു ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ഇത് വൈകിപ്പിക്കാൻ ട്രെയിൻ പുറപ്പെടുന്ന സമയം തന്നെ ഇയാൾ പൊലീസിനെ വിളിച്ച് ബോംബുണ്ടെന്ന് പറയുകയായിരുന്നു.

ഇതോടെ ട്രെയിൻ നിർത്തിയിടുകയും ഉദ്യോ​ഗസ്ഥർ ഉടൻ റെയിൽവേ സ്റ്റേഷനിലെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് മനസിലായതോടെ പൊലീസ് വിളിച്ചയാളുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ ഈ ട്രെയിനിൽ തന്നെയു‌ണ്ടെന്ന് മനസിലായി. തുടർന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

'റെയിൽവേ പൊലീസ് പ്രതിയായ സർജന്റിനെ പിടികൂടി. സുനിൽ സാങ്‌വാൻ എന്നാണ് അയാളുടെ പേര്. ഡൽഹി- മുംബൈ രാജധാനി എക്സ്പ്രസിൽ ബോംബ് ഉണ്ടെന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വിളിച്ചാണ് ഇയാൾ പറഞ്ഞത്. ട്രെയിൻ വൈകിപ്പിക്കാനും തുടർന്ന് തനിക്ക് കയറാനുമായിരുന്നു ഇയാൾ ഇങ്ങനെ ചെയ്തത്. പൊലീസ് നടത്തിയ പരിശോധനയിൽ ഒരു ബോ​ഗിയിൽ നിന്നും ഇയാളെ കണ്ടെത്തി. അയാൾ മദ്യപിച്ചിരുന്നു'- ഡൽഹി പൊലീസ് പറഞ്ഞു. 






Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News