പണിമുടക്കുന്നത് 250ൽ അധികം കാബിൻ ക്രൂ ജീവനക്കാർ; നിയമവിരുദ്ധ സമരമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്
എയർ ഇന്ത്യ എക്‌സ്പ്രസിലെ മാറ്റം അംഗീകരിക്കാത്ത ഒരു വിഭാഗമാണ് സമരത്തിലുള്ളതെന്ന് അധികൃതർ ആരോപിച്ചു
തിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി. രാജ്യത്താകെ 250ൽ അധികം കാബിൻ ക്രൂ ജീവനക്കാരാണ് പണിമുടക്കുന്നത്. അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. കൂട്ടമായി സിക്ക് ലീവെടുത്താണ് ജീവനക്കാരുടെ പ്രതിഷേധം.
ജീവനക്കാരുടേത് നിയമവിരുദ്ധ സമരമാണെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. എയർ ഇന്ത്യയിലെ മാറ്റം അംഗീകരിക്കാത്ത ഒരു വിഭാഗമാണ് സമരത്തിലുള്ളത്. സീനിയർ കാബിൻ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തിൽ പങ്കെടുക്കന്നത്. യാത്രക്കാർക്ക് റീഫണ്ടോ പകരം യാത്രാ സംവിധാനമോ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാർ ഏപ്രിലിൽ എയർ ഇന്ത്യ മാനേജ്‌മെന്റിന് കത്ത് നൽകിയിരുന്നു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് വേതനം ലഭിക്കുന്നില്ല എന്നതാണ് ജീവനക്കാർ പ്രധാനമായും ഉന്നയിക്കുന്ന പരാതി. എയർ ഇന്ത്യയെ എയർ ഏഷ്യയുമായി ലയിപ്പിക്കാനുള്ള നീക്കവും നടന്നിരുന്നു. അങ്ങനെ വരുമ്പോൾ ജീവനക്കാരുടെ അലവൻസ് തീരുമാനിക്കുന്നത് സംബന്ധിച്ചും തർക്കം നിലനിൽക്കുന്നുണ്ട്.