ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചു വിട്ടു
കാർഗോ ഏരിയയിൽ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ്ങെന്ന് കമ്പനി വ്യക്തമാക്കി.
ന്യൂഡൽഹി: ഡൽഹിയിൽ നിന്നും യു.എസിലെ സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചു വിട്ടു. എയർ ഇന്ത്യയുടെ എ.ഐ 183ാം നമ്പർ വിമാനമാണ് വഴിതിരിച്ചുവിട്ടത്. സാങ്കേതിക തകരാർ മൂലമാണ് നടപടിയെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. വിമാനം റഷ്യയിലെ ക്രാസ്നോയാർസ്ക് ഇന്റർനാഷണൽ എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തിയെന്ന് കമ്പനി അറിയിച്ചു.
കാർഗോ ഏരിയയിൽ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ്ങെന്നും കമ്പനി വ്യക്തമാക്കി. വിമാനത്തിൽ 225 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരെയും വിമാനത്താവളത്തിലെ ടെർമിനൽ ബിൽഡിങ്ങിലേക്ക് മാറ്റിയെന്നും എയർ ഇന്ത്യ പറഞ്ഞു.
എയർ ഇന്ത്യക്ക് ക്രാസ്നോയാർസ്ക് വിമാനത്താവളത്തിൽ സ്റ്റാഫുകൾ ഇല്ലാത്തതിനാൽ യാത്രക്കാർക്ക് അവശ്യസൗകര്യങ്ങൾ ഒരുക്കാൻ മറ്റൊരു കമ്പനിയെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവള അധികൃതരുമായും സർക്കാറുമായും ചർച്ചകൾ തുടരുകയാണ്. യാത്രക്കാർക്ക് സാൻഫ്രാൻസിസ്കോയിലേക്ക് പോവാനായി എത്രയുംവേഗം പകരം വിമാനം ഏർപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.
ഞങ്ങളെല്ലാവരും യാത്രക്കാരെയും ജീവനക്കാരെയും കുറിച്ച് ആശങ്കാകുലരാണെന്നും മറ്റൊരു ഫ്ലൈറ്റ് എത്രയും വേഗം ഏർപ്പാടാക്കാനും എല്ലാവരുടെയും ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കാനും വേണ്ട ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. ക്രാസ്നോയാർസ്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തതത്. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതാദ്യമായല്ല ഇത്തരമൊരു സംഭവം. കഴിഞ്ഞ വർഷവും ഇതേ റൂട്ടിൽ എയർ ഇന്ത്യക്ക് വിമാനം വഴിതിരിച്ച് വിടേണ്ടിവന്നിരുന്നു. സാങ്കേതിക തകരാർ മൂലം റഷ്യൻ നഗരമായ മാഗാദനിലേക്കാണ് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനം വഴിതിരിച്ചു വിട്ടത്. അന്ന് 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നീട് ഇവരെ മറ്റൊരു വിമാനത്തിലാണ് സാൻഫ്രാൻസിസ്കോയിൽ എത്തിച്ചത്.