ഉടമയറിയാതെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് ബാങ്കിൽ നിന്ന് ലക്ഷങ്ങൾ പിൻവലിച്ചു; തട്ടിപ്പിന് ഇരയായത് സൈനികൻ
എയർടെൽ കമ്പനിക്ക് ലക്ഷങ്ങൾ പിഴയിട്ട് ദേശീയ ഉപഭോക്തൃ കമീഷൻ
മുംബൈ: ഉടമയറിയാതെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് സൈനികന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ പിൻവലിച്ചു. കൃത്യമായ പരിശോധനകളില്ലാതെ ഡ്യൂപ്ലിക്കേറ്റ് സിം നൽകിയ എയർടെല്ലിന് വൻ പിഴയിട്ട് അധികൃതർ.
ദ്വീർഘകാലമായി എയർടെൽ സിം ഉപയോഗിക്കുന്ന സൈനികന്റെ എസ്.ബി.ഐ അക്കൗണ്ടിൽ നിന്ന് 2,87,630 രൂപയാണ് ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് തട്ടിയത്. ബാങ്ക് ഇടപാടുകളുമായി ബന്ധിപ്പിച്ചിരുന്ന എയർടെൽ കമ്പനിയുടെ മൊബൈൽ നമ്പരിന്റെ ഡ്യൂപ്ലിക്കേറ്റാണ് സൈനികൻ അറിയാതെ സംഘടിപ്പിച്ചത്. ഒരേ സമയം രണ്ട് നമ്പരും ആക്ടീവായിരുന്നുവെന്നതാണ് തട്ടിപ്പിന് സൗകര്യമായത്.
ഡ്യൂപ്ലിക്കേറ്റ് എടുക്കാനായി നൽകിയ രേഖകൾ കൃത്യമാണോ എന്ന് പരിശോധിക്കാതെയാണ് കമ്പനി സിം നൽകിയത്. ഈ സിം ഉപയോഗിച്ച് വിവിധ പണമിടപാട് ആപ്പുകൾ വഴിയാണ് പണം തട്ടിയത്. സൈനികൻ ജമ്മു കശ്മീർ മേഖലയിൽ സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് സംഭവം. തട്ടിപ്പ് നടന്നതറിഞ്ഞതിന് പിന്നാലെ സൈനികൻ എയർടെല്ലിന് പരാതി നൽകിയെങ്കിലും കമ്പനി അധികൃതർ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് അൽമോറ ജില്ലാ ഉപഭോക്തൃ ഫോറത്തിൽ സൈനികൻ പരാതി നൽകിയത്.
താൻ ഉപയോഗിച്ചിരുന്ന എയർടെൽ നമ്പറിലുള്ള ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് പേടിഎം, എയർടെൽ മണി, സ്നാപ് ഡീൽ, എംപൈസ എന്നിവ വഴി പണം പിൻവലിച്ചതായി സൈനികന്റെ പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ എയർടെൽ ഡ്യൂപ്ലിക്കേറ്റ് സിം നൽകിയതാണ് തട്ടിപ്പിന് ഇടയാക്കിയതെന്ന് കണ്ടെത്തി. നഷ്ടപ്പെട്ട പണവും, നഷ്ടപരിഹാരവും, നിയമപോരാട്ടത്തിന് ചെലവായ പണവും എയർടെൽ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. എന്നാൽ ഇത് അംഗീകരിക്കാതെ എയർടെൽ ഉന്നത കോടതികളെ സമീപിച്ചു. തുടർന്ന് വിവിധ കോടതികളിലും സംസ്ഥാന ഉപഭോക്തൃ കമ്മീഷനിലും ദേശീയ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിലും (എൻ.സി.ഡി.ആർ.സി) വിചാരണ നടന്നു. ജില്ലാ ഫോറത്തിന്റെ ഉത്തരവ് ശരിവെച്ച എൻ.സി.ഡി.ആർ.സി സൈനികന് പലിശയടക്കം 4.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എയർെടല്ലിനോട് ഉത്തരവിട്ടു.
*തട്ടിപ്പ് നടത്തിയത് ഇങ്ങനെ
പേടിഎം, എയർടെൽ മണി, സ്നാപ് ഡീൽ, എം പൈസ തുടങ്ങിയ പണമിടപാട് ആപ്പുകളുമായി സൈനികന് ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിരുന്നു. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് സ്വന്തമാക്കിയയാൾ ആപ്പുകളിൽ കയറിയാണ് പണം പിൻവലിച്ചത്. 2017 മെയ് 21 നും 2017 മെയ് 27 നും ഇടയിലാണ് സൈനികന്റെ എസ്.ബി.ഐ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത്. ഈ സമയം സൈനികൻ ജമ്മുകശ്മീരിലെ ഗുരെസ് സെക്ടറിലായിരുന്നു. അവിടെ എയർടെൽ സിമ്മിന് സിഗ്നൽ ലഭ്യമായിരുന്നില്ല. അതിനാൽ തട്ടിപ്പ് നടക്കുന്നത് അറിഞ്ഞിരുന്നില്ല. പിന്നീട് മൊബൈൽ നെറ്റ്‍വർക്ക് പരിധിയിലെത്തിയപ്പോഴാണ് പണം പിൻവലിക്കപ്പെട്ടതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കുന്നത്. സൈനികന്റെ സിം അദ്ദേഹമുണ്ടായിരുന്ന ജമ്മുകശ്മീരിലെ സെക്ടറിൽ ആക്ടീവായി നിൽക്കുമ്പോഴാണ് ബിഹാറിലെ നവദ ജില്ലയിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് പണം പിൻവലിക്കുന്നത്.
ഉത്തരാഖണ്ഡിലെ ജില്ലാ ഫോറത്തിന്റെ അന്വേഷണത്തിൽ ഡ്യൂപ്ലിക്കേറ്റ് സിം നൽകിയതിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തി. ആദ്യ സിം നൽകിയപ്പോൾ സ്വീകരിച്ച രേഖകളിൽ പരാതിക്കാരന്റെ ഫോട്ടോ,ഐ.ഡി കാർഡ് എന്നിവയാണുള്ളത്. എന്നാൽ ഡ്യൂപ്ലിക്കേറ്റ് സിം നൽകിയപ്പോൾ കമ്പനി സ്വീകരിച്ച രേഖകളിലുള്ളയാളുടെ പടവും, ഐ.ഡികാർഡുകളും മറ്റൊരാളുടേതായിരുന്നു. ഡ്യൂപ്ലിക്കേറ്റ് സിം നൽകുമ്പോൾ ആദ്യം സിം നൽകിയപ്പോൾ സമർപ്പിച്ച രേഖകളുമായി സാമ്യമുണ്ടോ എന്ന് പരിശോധിക്കണെമന്നതാണ് വ്യവസ്ഥ. എന്നാൽ എയർടെൽ അത് പാലിച്ചില്ലെന്ന് കണ്ടെത്തിയാണ് ജില്ലാ ഉപഭോക്തൃ ഫോറം എയർടെല്ലിന് പിഴയിട്ടത്. ആ ഉത്തരവാണ് എൻ.സി.ഡി.ആർ.സി ശരിവെച്ചത്.