'അജിത് പവാറിന് കുടുംബത്തിൽ സ്ഥാനമുണ്ട്, പക്ഷേ പാർട്ടിയിലേക്കാണെങ്കിൽ ആലോചിക്കണം': നിലപാട് വ്യക്തമാക്കി ശരത് പവാർ

അജിത് പവാറിന്റെ നീക്കമാണ് 2023ല്‍ എന്‍.സി.പിയുടെ പിളര്‍പ്പിന് വഴിവെച്ചത്

Update: 2024-07-18 06:31 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: അജിത് പവാർ തിരിച്ചുവരാനൊരുങ്ങിയാല്‍ അദ്ദേഹത്തെ സ്വീകരിക്കണമോ എന്ന് പാർട്ടി നേതാക്കൾ തീരുമാനിക്കുമെന്ന് എന്‍.സി.പി സ്ഥാപകന്‍ ശരത് പവാര്‍.

''പവാർ കുടുംബത്തിൽ അജിതിന് ഇടവും സ്ഥാനവുമുണ്ട്. എന്നാൽ പാർട്ടിയിലേക്ക് മടങ്ങിവരികയാണെങ്കില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ഞാൻ ഒറ്റക്ക് ആലോചിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകും നേതാക്കളുമാകും അക്കാര്യത്തില്‍ തീരുമാനം എടുക്കുക''- ശരത് പവാര്‍ പറഞ്ഞു.  മോശം കാലത്ത് ഒപ്പം നിന്ന നേതാക്കളുമായി വിഷയം സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാര്‍ട്ടിയില്‍ നിന്നും നേതാക്കള്‍ രാജിവെച്ച് പോകുന്നതിനിടെയാണ് അജിത് പവാര്‍ തന്നെ, ശരത് പവാര്‍ പക്ഷത്തേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്നുവെന്ന വാര്‍ത്തകളും സജീവമായത്. ഈ പശ്ചാതലത്തിലാണ് ശരത് പവാറിന്റെ പ്രതികരണം. 

എന്നെ കാണാതെ മടങ്ങില്ലെന്ന് പറഞ്ഞത് കൊണ്ടാണ് മന്ത്രി ഛഗൻ ഭുജ്ബലുമായി കൂടിക്കാഴ്ച നടത്തിയതെന്നും ശരത് പവാര്‍ പറഞ്ഞു. ''എനിക്ക് അദ്ദേഹത്തെ കാണേണ്ട ആവശ്യമില്ല. എന്നാല്‍ അദ്ദേഹം നിര്‍ബന്ധം പിടിച്ചപ്പോള്‍ കണ്ടു''- ശരത് പവാര്‍ വ്യക്തമാക്കി. ഛഗൻ ഭുബല്‍ അജിത് പവാര്‍ ക്യാമ്പ് വിടുന്നു എന്നാണ് ഈ കൂടിക്കാഴ്ചയോടെ പ്രചരിച്ചിരുന്നത്. അജിത് പവാർ പക്ഷത്തെ പ്രമുഖ നേതാവാണ് ഛഗൻ ഭുജ്ബൽ . 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് അജിത് പവാർ പക്ഷത്തിന് തലവേദന സൃഷ്ടിക്കാൻ ആരംഭിച്ചത്. നിരവധി നേതാക്കൾ പാർട്ടി വിട്ട് തിരികെ ശരദ് പവാർ നേതൃത്വം നൽകുന്ന എൻ.സി.പിയിലേക്ക് തിരിച്ചുവന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച പാർട്ടിയിലെ നാല് മുതിര്‍ന്ന നേതാക്കള്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇവർ വരുംദിവസങ്ങളിൽ ശരദ് പവാറിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അജിത് പവാറിന്റെ നീക്കമാണ് 2023ല്‍ എന്‍.സി.പിയുടെ പിളര്‍പ്പിന് വഴിവെച്ചത്. ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് ഏക്നാതഥ് ഷിന്‍ഡെ സര്‍ക്കാറില്‍ അജിത് പവാര്‍ ഭാഗമാകുകയായിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം പാര്‍ട്ടിയെ കൂടുതല്‍ പരുങ്ങലിലാക്കി. നിലവില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാണ് അജിത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News