'80 കഴിഞ്ഞിട്ടും ചിലർ വിരമിക്കുന്നില്ല'; ശരദ് പവാറിനെതിരെ ഒളിയമ്പുമായി വീണ്ടും അജിത് പവാർ
എൻ.സി.പി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് കഴിഞ്ഞ വർഷം ശരദ് പവാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അദ്ദേഹം അത് പാലിക്കുന്നില്ലെന്നാണ് അജിത് പവാറിന്റെ വിമർശനം.
മുംബൈ: എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെതിരെ ഒളിയമ്പുമായി അനന്തിരവനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. എൻ.സി.പി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് ശരദ് പവാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഇത് പാലിക്കാൻ അദ്ദേഹം തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അജിത്തിന്റെ വിമർശനം.
നിശ്ചിത പ്രായമെത്തിയാൽ ആളുകൾ വിരമിക്കണം. ഇതാണ് വർഷങ്ങളായുള്ള പാരമ്പര്യം. എന്നാൽ ചില ആളുകൾ അത് ശ്രദ്ധിക്കാൻ തയ്യാറാവുന്നില്ല. അവർ തങ്ങളുടെ വീക്ഷണത്തിൽ പിടിച്ചുനിൽക്കുകയാണ്. 60 വയസ് കഴിഞ്ഞാൽ ആളുകൾ വിരമിക്കും, ചിലർ 65ലും ചിലർ 70ലും ചിലർ 80ലും വിരമിക്കും. പക്ഷേ, 80 കഴിഞ്ഞിട്ടും ഈ വ്യക്തി വിരമിക്കാൻ തയ്യാറാവുന്നില്ലെന്നും അജിത് പവാർ പറഞ്ഞു.
കഴിഞ്ഞ വർഷം മേയിലാണ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായി ശരദ് പവാർ പ്രഖ്യാപിച്ചത്. ഇനി പുതിയ തലമുറയ്ക്കുള്ള സമയമാണെന്നും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് നടത്തി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പവാർ ഒഴിയുന്നതിനെതിരെ പ്രവർത്തകർ ശക്തമായ എതിർപ്പുയർത്തിയതിനെ തുടർന്ന് അദ്ദേഹം സ്ഥാനത്ത് തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അജിത് പവാറിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം ഏക്‌നാഥ് ഷിൻഡെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്.