'ഇതുവരെ ഗാന്ധി കുടുംബം മാപ്പ് പറഞ്ഞിട്ടില്ല': രാഹുലിന്‍റെ സുവർണ ക്ഷേത്ര സന്ദർശനത്തെ വിമര്‍ശിച്ച് ശിരോമണി അകാലിദൾ

ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിന് മുന്നോടിയായാണ് രാഹുൽ ഗാന്ധി സുവർണ ക്ഷേത്രത്തിലെത്തിയത്

Update: 2023-01-11 03:22 GMT
Advertising

അമൃത്‍സര്‍: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുവര്‍ണക്ഷേത്ര സന്ദര്‍ശനത്തെ വിമര്‍ശിച്ച് ശിരോമണി അകാലിദള്‍ എം.പി ഹര്‍സിമ്രത് കൗര്‍ ബാദല്‍. പഞ്ചാബിനെയും സിഖുകാരെയും ചതിച്ചവരാണ് ഗാന്ധി കുടുംബമെന്ന് ഹര്‍സിമ്രത് കൗര്‍ പറഞ്ഞു.

"പഞ്ചാബിനെയും സിഖുകാരെയും വഞ്ചിക്കുകയും സിഖുകാരുടെ ആരാധനാലയങ്ങൾ പോലും തകർക്കാൻ ശ്രമിക്കുകയും ചെയ്ത ഗാന്ധി കുടുംബത്തിന്റെ പിൻമുറക്കാരനാണ് രാഹുൽ ഗാന്ധി. ആ രാഹുലിനെ സ്വാഗതം ചെയ്യാന്‍ പഞ്ചാബ് കോൺഗ്രസ് കാണിക്കുന്ന ആവേശവും സന്തോഷവും കാണുമ്പോൾ ലജ്ജ തോന്നുന്നു. ഇന്നുവരെ, ഗാന്ധി കുടുംബം മാപ്പ് പറഞ്ഞിട്ടില്ല. നിങ്ങൾ അവരെ സ്വാഗതം ചെയ്യുകയാണോ?"- എന്നാണ് ഹര്‍സിമ്രത് കൗര്‍ പറഞ്ഞത്.

1984ൽ ഇന്ത്യൻ സൈന്യം ഓപറേഷൻ ബ്ലൂ സ്റ്റാർ നടത്തിയത് രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ സർക്കാരിന്റെ കീഴിലായിരുന്നു. സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന് ആയുധധാരികളായ വിഘടനവാദികളെ നീക്കാനായിരുന്നു സൈനിക നടപടി. അതേവര്‍ഷം തന്നെ സിഖ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ദിരാഗാന്ധിയെ വെടിവെച്ചുകൊന്നു.

ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിന് മുന്നോടിയായാണ് രാഹുല്‍ സുവര്‍ണ ക്ഷേത്രത്തിലെത്തിയത്. ഓറഞ്ച് നിറമുള്ള ടര്‍ബന്‍ ധരിച്ചാണ് രാഹുല്‍ ആരാധനയില്‍ പങ്കെടുത്തത്. ഹരിയാനയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര പഞ്ചാബില്‍ പ്രവേശിച്ചത്. ഇനി എട്ട് ദിവസം പഞ്ചാബിലാണ്. ഇതിന് ശേഷം ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് കടക്കും. കശ്മീരില്‍ ഈ മാസം അവസാനം യാത്ര സമാപിക്കും.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News