വരുൺ ഗാന്ധിക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചേക്കും; എസ്‌.പി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

കർഷക സമരത്തെ അനുകൂലിച്ചതോടെയാണ് വരുണിന് ബി.ജെ.പി എതിരായത്

Update: 2024-03-20 02:52 GMT
Editor : Jaisy Thomas | By : Web Desk

വരുണ്‍ ഗാന്ധി

Advertising

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പി വരുൺ ഗാന്ധിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചേക്കും. സീറ്റ് നിഷേധിച്ചാൽ എസ്‌.പി ടിക്കറ്റിൽ വരുൺ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കർഷക സമരത്തെ അനുകൂലിച്ചതോടെയാണ് വരുണിന് ബി.ജെ.പി എതിരായത്.

വരുണിനെ എസ്.പി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതിൽ തൻ്റെ പാർട്ടി വിമുഖത കാണിക്കില്ലെന്ന് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. പിലിഭിത്ത് സീറ്റിൽ എസ്‍പി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 51 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല പ്രധാന സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പിലിഭിത്, സുൽത്താൻപൂർ, കൈസർഗഞ്ച്, മെയിൻപുരി എന്നീ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ പിലിഭിത്ത് മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് വരുണ്‍ ഗാന്ധി. വരുണിന്‍റെ അമ്മയും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി സുൽത്താൻപൂർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള സിറ്റിംഗ് എം.പിയാണ്. മനേകയെ വീണ്ടും മത്സരിപ്പിച്ചേക്കുമെന്നും എന്നാല്‍ എന്നാൽ വരുണിനെ സ്ഥാനാർഥിയാക്കാനുള്ള സാധ്യത വളരെ കുറവാണെന്നും സംസ്ഥാന ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു.കേന്ദ്ര സര്‍ക്കാരിനും യുപി സര്‍ക്കാരിനുമെതിരായ വരുണിന്‍റെ തുടര്‍ച്ചയായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഒരുകാലത്ത് ബി.ജെ.പിയുടെ യുവനേതാക്കളില്‍ പ്രധാനിയായിരുന്നു വരുണ്‍. കേന്ദ്രത്തിനെതിരെയും യുപി സര്‍ക്കാരിനെതിരെയും നിരന്തരം വിമര്‍ശനമുയര്‍ത്തിയതോടെയാണ് വരുണ്‍ ബി.ജെ.പിയുടെ കണ്ണിലെ കരടാകുന്നത്. ലംഖിപൂരിലെ കര്‍ഷക കൂട്ടക്കൊലയെ വരുണ്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും വരുണിനെയും മനേകയെയും ഒഴിവാക്കിയിരുന്നു.പിലിഭിത്തിൽ നിന്നും 2009-ലാണ് വരുൺ ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 2014-ൽ വീണ്ടും മേനക ഗാന്ധി മത്സരിച്ചു ജയിച്ചെങ്കിലും 2019-ൽ ബി.ജെ.പി. വരുണിനെ മത്സരിപ്പിച്ചു.  2.55 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വരുൺ ലോക്‌സഭയിൽ എത്തിയത്.

അതിനിടെ ഗാന്ധി കുടുംബത്തിന്‍റെ കോട്ടയായിരുന്ന അമേഠിയില്‍ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വരുണിനെ മത്സരിപ്പിച്ചേക്കുമെന്ന ഊഹാപോഹങ്ങളും ഉണ്ടായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടാണ് പരാജയപ്പെട്ടത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News