'മുസ്‍ലിം വോട്ടുകള്‍ നേടാന്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും നാടകം കളിക്കുന്നു': യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ
അതിർത്തിയിൽ വലിയ പൊലീസ് സന്നാഹമൊരുക്കിയാണ് രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞത്
ലഖ്നൗ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംഭല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മുസ്‍ലിം വോട്ട് ബാങ്കുകളെ പ്രീതിപ്പെടുത്താന്‍ രാഹുല്‍ നാടകം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലയിലേക്കുള്ള യാത്രാമധ്യേ കോണ്‍ഗ്രസ് നേതാവിനെ ഇന്ന് ഗാസിപൂർ അതിർത്തിയിൽ തടഞ്ഞിരുന്നു.
അതിർത്തിയിൽ വലിയ പൊലീസ് സന്നാഹമൊരുക്കിയാണ് രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞത്. ഒറ്റക്ക് സംഭലിലേക്ക് പോകാമെന്ന രാഹുലിന്‍റെ ആവശ്യവും പൊലീസ് അംഗീകരിച്ചില്ല. പ്രതിപക്ഷ നേതാവിന്‍റെ അവകാശം ലംഘിച്ചെന്ന് ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടു മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാഹുലും സംഘവും ഡൽഹിയിലേക്ക് മടങ്ങിയത്. ''അഖിലേഷും രാഹുലും മുസ‍്‍ലിം വോട്ടുകൾ നേടാനുള്ള രാഷ്ട്രീയമാണ് കളിക്കുന്നത്. എസ്പിയുടെയും കോൺഗ്രസിൻ്റെയും പതനം ഉറപ്പാണ്. എസ്പി 'സമപ്തവാദി പാർട്ടി' ആകും, കോൺഗ്രസ്-മുക്ത ഭാരതം ഉണ്ടാകും," മൗര്യ കൂട്ടിച്ചേര്‍ത്തു. ഈ രണ്ട് പാർട്ടികളും അന്തരീക്ഷം കലുഷിതമാക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സമാജ്‌വാദി പാർട്ടി എംഎൽഎയുടെയും എംപിയുടെയും വീഴ്ചയാണ് സംഭാൽ അക്രമമെന്നും മൗര്യ പറഞ്ഞു. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം നടക്കുന്നുണ്ടെന്നും സംഭലിൽ സമാധാനം നിലനിർത്താൻ പ്രതിപക്ഷം സർക്കാരിനെ പിന്തുണയ്ക്കണമെന്നും മറ്റൊരു ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആവശ്യപ്പെട്ടു.