ഡല്‍ഹിയിലെ പണയ വസ്തു; കേശവ പ്രസാദ് മൗര്യക്കെതിരെ അഖിലേഷ് യാദവ്

ഡല്‍ഹിയിലെ വൈഫൈയുടെ പാസ്‍വേഡാണ് അദ്ദേഹം

Update: 2024-07-27 05:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലഖ്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ മൗര്യക്കെതിരെ ഒളിയമ്പുമായി സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ക്യാബിനറ്റ് യോഗങ്ങളില്‍ മൗര്യ പതിവായി പങ്കെടുക്കാറില്ലെന്നും ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയക്കാരുടെ പണയവസ്തുവായി മാറിയെന്നും അഖിലേഷ് പരിഹസിച്ചു.

''കേശവ് പ്രസാദ് മൗര്യ ഡല്‍ഹിയിലെ പണയവസ്തുവായി മാറി. ഡല്‍ഹിയിലെ വൈഫൈയുടെ പാസ്‍വേഡാണ് അദ്ദേഹം. ഒരു സര്‍ക്കാര്‍ ഇങ്ങനെ ഓടുമോ?'' എസ്.പി അധ്യക്ഷന്‍ ചോദിച്ചു. ലഖ്‌നൗവിലെ എസ്പി ആസ്ഥാനത്ത് ‘സംവിധാൻ-മാൻസ്തംഭ്’ അനാച്ഛാദനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യാദവ്. സംസ്ഥാനത്തെ അഴിമതി വിഷയത്തിൽ യോഗി സർക്കാരിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.'' അഴിമതിയുടെ കാര്യത്തിലും ക്രമസമാധാനത്തിലും സഹിഷ്ണുതയില്ലാത്ത നയമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരം അഴിമതികള്‍ കണ്ടിട്ടില്ലെന്ന് അവരുടെ നേതാക്കള്‍ തന്നെ പറയുന്നു'' മുന്‍ മന്ത്രിയുടെ പ്രസ്താവനയെ പരാമര്‍ശിച്ച് യാദവ് ചൂണ്ടിക്കാട്ടി. ചിലര്‍ പണയക്കാരായി മാറിയതിനാലാണ് അഴിമതി പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.പി അധികാരത്തിൽ തിരിച്ചെത്തിയാൽ മദ്രസകൾ നവീകരിക്കുമെന്നും യാദവ് പറഞ്ഞു.സോഷ്യലിസമുള്ള രാജ്യത്തെ ഏക പാർട്ടി എസ്പിയാണെന്ന് ഊന്നിപ്പറയുകയും ചെയ്തു.

അഖിലേഷിന്‍റെ പ്രസ്താവനക്കെതിരെ മൗര്യ രംഗത്തെത്തി. കോണ്‍ഗ്രസിന്‍റെ പണയ വസ്തുവാണ് അഖിലേഷെന്നാണ് മൗര്യ വിശേഷിപ്പിച്ചത്. '' കോൺഗ്രസിൻ്റെ പണയവസ്തുവായി മാറിയ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബി.ജെ.പിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതിനും പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യം വെച്ച് അവരെ അപമാനിക്കുന്നതിനും പകരം എസ്പിയെ വംശനാശത്തിൽ നിന്ന് രക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,” മൗര്യ എക്‌സിൽ കുറിച്ചു. 2017ലെ വിജയം വരുന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പി ആവര്‍ത്തിക്കുമെന്നും താമര ഇനിയും വിരിയുമെന്നും കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ആദിത്യനാഥും മൗര്യയും തമ്മിലുള്ള തുറന്ന പോരിലേക്കെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യുപിയില്‍ നിന്നുള്ള എം.പിമാരുടെ എണ്ണം 62ല്‍ നിന്നും 33 ആയി കുറഞ്ഞു. രാമക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ പോലും ബി.ജെ.പിക്ക് പിടിച്ചുനില്‍ക്കാനായില്ല. പരാജയത്തിന് കാരണം യോഗി ആദിത്യനാഥിന്‍റെ പ്രവര്‍ത്തന ശൈലിയാണെന്നാണ് മൗര്യ അടക്കമുള്ളവരുടെ ആരോപണം. ജൂലൈ 14ന് ലഖ്‌നൗവിൽ നടന്ന ബി.ജെ.പിയുടെ സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ സര്‍ക്കാരിനെക്കാള്‍ വലുതാണ് സംഘടനയെന്നാണ് മൗര്യ പറഞ്ഞത്. എന്നാല്‍ അമിത ആത്മവിശ്വാസമാണ് പാര്‍ട്ടിക്ക് തിരിച്ചടിയായതെന്നായിരുന്നു യോഗിയുടെ മറുപടി.

മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ കാബിനറ്റ് യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന മൗര്യ ഡൽഹിയിൽ വച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെയും കണ്ടിരുന്നു. അതിനിടെ യോഗിയും മൗര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ആര്‍.എസ്.എസ് ഇടപെടു്നു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. കിഴക്കൻ യു.പിയിലെ ആർ.എസ്.എസ് കാര്യവാഹക് മൗര്യയുമായി കൂടിക്കാഴ്ച നടത്തുകയും ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവിലുണ്ടായ വിഷയങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News