പാര്‍ട്ടിയുടെ മുഴുവന്‍ ഘടകങ്ങളും പിരിച്ചു വിട്ട് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്

ഔദ്യോഗിക കാരണങ്ങളൊന്നും അറിയിച്ചിട്ടില്ലെങ്കിലും പാർട്ടിയുടെ കോട്ടകളായ രാംപൂരിലും അസംഗഢിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം എസ്.പി യെ നവീകരിക്കാനുള്ള ശ്രമമായാണ് ഈ നീക്കത്തെ കാണുന്നത്

Update: 2022-07-03 10:42 GMT
Advertising

ലക്‌നൗ: സമാജ് വാദി പാർട്ടിയുടെ എല്ലാ സംഘടനാ ഘടകങ്ങളേയും പിരിച്ചു വിട്ട് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംഘടനയുടെ ദേശീയ സംസ്ഥാന ജില്ലാ എക്‌സിക്യൂട്ടീവ് ബോഡികളടക്കം എല്ലാ ഘടകങ്ങളേും  പിരിച്ചു വിട്ടതായി സമാജ് വാദി പാര്‍ട്ടി അറിയിച്ചു. പോഷക സംഘടകളുടെ ഭാരവാഹികളെയും പിരിച്ചുവിട്ടു.

ഔദ്യോഗിക കാരണങ്ങളൊന്നും അറിയിച്ചിട്ടില്ലെങ്കിലും പാർട്ടിയുടെ കോട്ടകളായ രാംപൂരിലും അസംഗഢിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം എസ്.പി യെ നവീകരിക്കാനുള്ള ശ്രമമായാണ് ഈ നീക്കത്തെ കാണുന്നത്.  ഉത്തർപ്രദേശ് അധ്യക്ഷൻ നരേഷ് ഉത്തം തത് സ്ഥാനത്ത് തുടരുമെന്ന് പാർട്ടി അറിയിച്ചു. 

 "പാർട്ടിയുടെ ദേശീയ, സംസ്ഥാന, ജില്ലാ എക്സിക്യൂട്ടീവ് ബോഡികൾ, ദേശീയ പ്രസിഡന്‍റ്, സംസ്ഥാന പ്രസിഡന്‍റുമാര്‍, ജില്ലാ പ്രസിഡന്റുമാർ വനിതാ യുവജന വിഭാഗങ്ങൾ ഉൾപ്പെടെ പാർട്ടിയുടെ എല്ലാ ഘടകങ്ങളെയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പിരിച്ചു വിടുകയാണ്"-  സമാജ് വാദി പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലിലൂടെ അറിയിച്ചു. 

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പാർട്ടി തയ്യാറെടുക്കുകയാണെന്നും ബിജെപിയെ പൂർണ ശക്തിയോടെ നേരിടാൻ സംഘടനയെ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്നും നേതാക്കള്‍ പ്രതികരിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News