എസ്.പി ലീഡ് ഉയർത്തുന്നു; അഖിലേഷ് യാദവ് മുന്നിൽ
80 സീറ്റിലാണ് നിലവിൽ അവർ ലീഡ് ചെയ്യുന്നത്. എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അഖിലേഷ് യാദവ് മുന്നിലാണ്
വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ 45 മിനിറ്റ് പിന്നിടുമ്പോൾ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി ലീഡ് ഉയർത്തുന്നു. 80 സീറ്റിലാണ് നിലവിൽ അവർ ലീഡ് ചെയ്യുന്നത്. എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അഖിലേഷ് യാദവ് മുന്നിലാണ്.
രണ്ടു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഹിന്ദി ബെൽറ്റിനൊപ്പം തീരദേശ ഭൂമികൂടിയായ ഗോവയും ജനവിധി എഴുതി കഴിഞ്ഞു. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ബി.ജെ.പിയുടെ ശക്തി ദുർഗമായി മാറിയ ഉത്തർപ്രദേശിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചാണ് അഖിലേഷ് യാദവിൻറെ സമാജ്വാദി പാർട്ടി പ്രചരണം നയിച്ചത്. 403 മണ്ഡലങ്ങളിൽ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം വിധി എഴുതി. 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തർപ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്.
തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിൽ മാത്രമാണ് കോൺഗ്രസ് ഭരണം ഉണ്ടായിരുന്നത്. എക്സിറ്റ് പോളുകളുടെ പ്രവചനം സത്യമായാൽ അഞ്ച് നദികളുടെ നാടിൻറെ ഹൃദയം ഇക്കുറി ആം ആദ്മി പാർട്ടിക്ക് ഒപ്പമായിരിക്കും. കൊളോണിയൽ കാലത്തിന്റെ പൈതൃകം പേറുന്ന ഗോവ ഇക്കുറി കനത്ത പോരാട്ടത്തിന്റെ വേദിയായി മാറിയതും രാജ്യം കണ്ടു. പ്രവചനങ്ങൾ തൂക്ക് മന്ത്രി സഭയിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. എങ്കിലും ഗോവ മോഹിപ്പിക്കുന്നത് കോൺഗ്രസിനെ ആണ്. 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. വിവിപാറ്റുകളിൽ നിന്ന് ആദ്യ മണിക്കൂറിനുള്ളിൽ തന്നെ സൂചനകൾ അറിയാൻ കഴിയും.