100 എം.എൽ.എമാരുമായി വന്നാൽ ബി.ജെ.പി ഉപമുഖ്യമന്ത്രിയെ മുഖ്യമന്ത്രിയാക്കാമെന്ന് അഖിലേഷ്; നിങ്ങളുടെ എം.എൽ.എമാരെ സൂക്ഷിച്ചോയെന്ന് ബി.ജെ.പി തലവൻ

ബിജെപി ബാന്ധവം ഒഴിവാക്കി ആർജെഡിക്കും കോൺഗ്രസിനുമൊപ്പം മഹാഗഡ്ബന്ധൻ രൂപവത്കരിച്ച ബിഹാറിലെ ജെഡിയു മാതൃക യു.പിയിലും കൊണ്ടുവരാൻ അഖിലേഷ് നിർദേശിച്ചിരുന്നു

Update: 2022-09-07 15:51 GMT
Advertising

ബി.ജെ.പി ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയെ മുഖ്യമന്ത്രിയാക്കാമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. 100 ബിജെപി എംഎൽഎമാരുമായി വന്നാൽ മുഖ്യമന്ത്രിയാക്കാമെന്നാണ് സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവായ മൗര്യയോട് ഒരു ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. എന്നാൽ മഹാരാഷ്ട്രയിൽ ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി ബിജെപി നടത്തിയ മട്ടിൽ യു.പിയിൽ രാഷ്ട്രീയം കളിക്കുമെന്ന അഖിലേഷിന്റെ വാക്കുകൾക്ക് മറുപടിയുമായി ബിജെപി തലവനെത്തി.


എസ്.പിയുടെ എം.എൽ.എമാർ തങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവരെ സൂക്ഷിച്ചോയെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡൻറ് ഭൂപേന്ദ്ര സിങ് ചൗധരി നൽകിയ മറുപടി. 'ബിജെപി ആശയത്തിനായി സ്വയം സമർപ്പിച്ച കേശവ്ജി നമ്മുടെ സംഘടനയുടെ അംഗീകൃത പ്രവർത്തകനാണ്, അദ്ദേഹം എല്ലായിപ്പോഴും നമ്മുടെ കൂടെയായിരിക്കും. സ്വാർത്ഥതയിൽ വീണുപോകുന്ന നേതാവല്ല അദ്ദേഹം' ചൗധരി ട്വിറ്ററിൽ കുറിച്ചു. 'അഖിലേഷ് യാദവ് അദ്ദേഹത്തിന്റെ സഖ്യകക്ഷികൾ, കുടുംബം, പാർട്ടി, എം.എൽ.എമാർ എന്നിവരെ ശ്രദ്ധിക്കട്ടെ... എം.എൽ.എമാർ ഞങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്' മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു.



'ജീവിച്ചിരിക്കുന്ന സമൂഹം അഞ്ചു വർഷത്തേക്ക് കാത്തിരിക്കില്ല' എന്ന കുറിപ്പോടെ മൗര്യക്കുള്ള അഖിലേഷ് യാദവിന്റെ ക്ഷണത്തിന്റെ വീഡിയോ എസ്പി എംഎൽഎയായ രാജ്പാൽ കശ്യപ് ട്വീറ്റ് ചെയ്തിരുന്നു. ബിജെപി ബാന്ധവം ഒഴിവാക്കി ആർജെഡിക്കും കോൺഗ്രസിനുമൊപ്പം മഹാഗഡ്ബന്ധൻ രൂപവത്കരിച്ച ബിഹാറിലെ ജെഡിയു മാതൃക യു.പിയിലും കൊണ്ടുവരാൻ വീഡിയോയിൽ അഖിലേഷ് നിർദേശിച്ചിരുന്നു.




ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പി 111 സീറ്റും സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) എട്ട് സീറ്റും നേടിയിരുന്നു. മറ്റു സഖ്യകക്ഷികളായ സുഹേൽദേവ് ഭാരതീയ സമാജ് ആറും പ്രഗാതിഷീൽ സമാജ്‌വാദി പാർട്ടി ലോഹിയ ഒന്നും സീറ്റാണ് നേടി ശേഷം എസ്.പിയുമായി വേർപിരിഞ്ഞിരുന്നു. ബിജെപിയുടെ 254 സീറ്റുകളടക്കം എൻ.ഡി.എക്ക് 272 സീറ്റാണുള്ളത്. 403 അംഗങ്ങളാണ് സഭയിൽ ആകെയുള്ളത്.

Samajwadi Party leader Akhilesh Yadav said that Deputy Chief Minister Keshav Prasad Maurya will be made Chief Minister of up if he leaves the BJP.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News