ഉത്തർപ്രദേശിൽ ബിജെപി 'ജനമാപ്പു യാത്ര' നടത്തണമെന്ന് അഖിലേഷ് യാദവ്

മാപ്പു യാത്ര നടത്തിയാലും ജനങ്ങൾ അവർക്ക് മാപ്പ് നൽകില്ലെന്നും കിഴക്കൻ യുപിയിലെ ഗോണ്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി

Update: 2022-01-07 12:09 GMT
Advertising

ഉത്തർപ്രദേശിൽ ബിജെപി നടത്തുന്ന 'ജൻ വിശ്വാസ് യാത്രക്ക് പകരം ജൻ മാഫി യാത്ര (ജനമാപ്പു യാത്ര) നടത്തണമെന്ന് മുൻ യുപി മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. മാപ്പു യാത്ര നടത്തിയാലും ജനങ്ങൾ അവർക്ക് മാപ്പ് നൽകില്ലെന്നും കിഴക്കൻ യുപിയിലെ ഗോണ്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് അഭിപ്രായപ്പെട്ടു.

സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തതോടെ യുപിയിൽ രാഷ്ട്രീയ യാത്രകളുടെ മഹാമേളമാണ് നടക്കുന്നത്. ഡിസംബർ അവസാന വാരത്തോടെ സംസ്ഥാനത്ത് ബിജെപി ആറു യാത്രകൾ സംഘടിപ്പിച്ചിരുന്നു. അഖിലേഷിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി വിജയ് യാത്ര 11 റൗണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. പതിനായിരങ്ങളാണ് ഈ റാലികളിൽ സംബന്ധിച്ചത്. ഇത് നിലവിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. ഇതോടെ അഖിലേഷും ബിജെപി നേതാക്കളും തമ്മിൽ നിരന്തരം വാക്‌പോര് നടക്കുകയാണ്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലോ മഥുരയിലോ മത്സരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇത് തന്നോട് ചോദിക്കരുതെന്നും എവിടെ നിന്നോ വന്ന, പാർട്ടി അംഗം പോലുമല്ലാത്ത യോഗി മുഖ്യമന്ത്രിയായതിൽ ബിജെപിക്കാർ തന്നെ ദേഷ്യത്തിലാണെന്നും അഖിലേഷ് പറഞ്ഞു. വർഷങ്ങളായി പാർട്ടിക്കായി വിയർപ്പൊഴുക്കുന്നവർ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. താങ്കൾ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു നിലവിൽ കിഴക്കൻ യുപിയിൽ നിന്നുള്ള എംപിയായ അദ്ദേഹത്തിന്റെ മറുപടി. ഇദ്ദേഹവും ഇതുവരെ സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.

ശ്രീകൃഷ്ണനും യുപി രാഷ്ട്രീയവും

ശ്രീകൃഷ്ണന്റെ പേരിലും യുപിയിൽ കുറച്ചായി രാഷ്ട്രീയപ്പോര് നടക്കുകയാണ്. അഖിലേഷ് യാദവിനെ ഭഗവാൻ കൃഷ്ണൻ ശപിക്കുമെന്ന് യോഗി ആദിത്യനാഥ് വിമർശിച്ചിരുന്നു. ഭരണത്തിലിരുന്നിട്ടും മഥുരക്കും വൃന്ദാവനും വേണ്ടി ഒന്നും ചെയ്യാത്തവരെ കൃഷ്ണൻ ശപിക്കുമെന്ന് പറഞ്ഞാണ് മുമ്പ് സംസ്ഥാനം ഭരിച്ച അഖിലേഷിനെ ആദിത്യനാഥ് പേരെടുത്തു പറയാതെ വിമർശിച്ചത്. ഭഗവാൻ കൃഷ്ണൻ എല്ലാ ദിവസവും തനിക്ക് സ്വപ്നത്തിൽ ദർശനം നൽകാറുണ്ടെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.പി പാർട്ടി ജയിക്കുമെന്ന് ഭഗവാൻ കൃഷ്ണൻ പറയാറുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഇതിന്റെ മറുപടിയെന്നോണമാണ് ആദിത്യനാഥിന്റെ പരാമർശം. അലിഗഢിൽ നടന്ന സർക്കാർ ചടങ്ങിലാണ് കൃഷ്ണനെ കൂട്ടുപിടിച്ച് യോഗി രാഷ്ട്രീയം പറഞ്ഞത്. ചില ആളുകൾ ഇപ്പോൾ കൃഷ്ണനെ സ്വപ്നത്തിൽ കാണുകയാണെന്നും അവരുടെ പരാജയങ്ങളിൽ ചുരുങ്ങിയത് കരയാനെങ്കിലും പറയണമെന്നും ആദിത്യനാഥ് പറഞ്ഞു. മഥുരയും വൃന്ദാവനും കൃഷ്ണന്റെ നഗരങ്ങളായാണ് വിശ്വസിക്കപ്പെടുന്നത്. ഇവക്ക് വേണ്ടി അഖിലേഷ് യാദവിന്റെ കീഴിലുണ്ടായിരുന്ന സമാജ്വാദി സർക്കാർ ഒന്നും ചെയ്തില്ലെന്നാണ് ആദിത്യനാഥ് ആരോപിച്ചത്.

ബി.ജെ.പി രാജ്യസഭാ എം.പി ഹർനാഥ് സിങ് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദക്ക് അയച്ച കത്തിലെ പരാമർശത്തിനുള്ള മറുപടിയായാണ് അഖിലേഷ് പ്രസ്താവന നടത്തിയിരുന്നത്. മഥുര സീറ്റിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ നിർത്തണമെന്നും അവിടെ യോഗി നിന്നാൽ വിജയം സുനിശ്ചിതമാണെന്നു ശ്രീകൃഷ്ണൻ തനിക്ക് സ്വപ്ന ദർശനം നൽകിയെന്നും കത്തിൽ ഹർനാഥ് സിങ് അവകാശപ്പെട്ടിരുന്നു. ഖൊരക്പൂരിലെ മുൻ എംപിയായ യോഗി ആദിത്യനാഥ് പ്രമുഖ ആരാധനാലയമായ ഖൊരക്പൂർ ക്ഷേത്രത്തിലെ പൂജാരിയുമായിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിച്ചിരുന്നില്ല, യുപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായാണ് മുഖ്യമന്ത്രിയായത്. എന്നാൽ 2022 ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അയോധ്യയിലോ മഥുരയിലോ മത്സരിക്കാൻ യോഗിയുടെ മേൽ സമ്മർദ്ദമുണ്ട്. ഹിന്ദുത്വ വോട്ട് ബാങ്കിനെ പ്രചോദിപ്പിക്കാൻ യോഗി മത്സരരംഗത്തിറങ്ങുന്നത് സഹായിക്കുമെന്നാണ് പാർട്ടി കരുതുന്നത്. പാർട്ടി പറയുന്ന എവിടെയും മത്സരിക്കുമെന്ന് കഴിഞ്ഞാഴ്ച യോഗി പറഞ്ഞിരുന്നു. പ്രധാന എതിരാളിയായ എസ്പി നേതാവ് അഖിലേഷ് യാദവ് മത്സരിക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നയത്. എന്നാൽ ഇപ്പോൾ മത്സരിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ യുപി മുഖ്യമന്ത്രി പദത്തിലെത്തിയവരൊന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ഇവരെല്ലാം ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായാണ് മുഖ്യമന്ത്രിയായത്.

Former Uttar Pradesh Chief Minister and Samajwadi Party leader Akhilesh Yadav has called for a Jan Mafi Yatra (Jan Mappu Yatra) instead of the BJP's 'Jan Vishwas Yatra' in Uttar Pradesh.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News