ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റിൽ ശ്രദ്ധ വാൾക്കർ കൊലക്കേസ് പ്രതിയും- റിപ്പോർട്ട്
ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷാര്‍പ്പ് ഷൂട്ടര്‍മാരെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഈ വിവരം ലഭിച്ചത്
മുംബൈ: 27 കാരിയായ പങ്കാളിയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം 35 കഷണങ്ങളാക്കി വീട്ടിലെ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു, ഓരോ ഭാഗങ്ങളായി ഡൽഹി മെഹ്‌റോളിയിലെ വനപ്രദേശത്ത് വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിച്ചു. ഇരുചെവിയറിയാതെ പ്രതി വിലസിയത് ആറ് മാസക്കാലം... രാജ്യത്തെ നടുക്കിയ ശ്രദ്ധ വാൾക്കർ കൊലക്കേസ് അത്ര പെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. ഇപ്പോഴിതാ ഈ കേസിൽ അറസ്റ്റിലായ പ്രതി അഫ്താബ് പൂനെവാല അധോലോക സംഘത്തിന്റെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കുപ്രസിദ്ധ അധോലോക നായകൻ ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റിൽ അഫ്താബ് പൂനെവാലയുമുണ്ടെന്നാണ് മുംബൈ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷാര്‍പ്പ് ഷൂട്ടര്‍മാരെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഈ വിവരം ലഭിച്ചതെന്നാണ് റിപ്പോർട്ട്.
നിലവിൽ, തിഹാർ ജയിലിലാണ് അഫ്താബ് പൂനെവാലയുള്ളത്. മുംബൈ പൊലീസില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജയില്‍ അധികൃതര്‍ അഫ്താബിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബോളിവുഡ് താരം സൽമാൻ ഖാൻ ഉൾപ്പെടെ നിരവധി പ്രമുഖരെയാണ് ബിഷ്ണോയ് സംഘം ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് എൻഐഎ വൃത്തങ്ങൾ പറയുന്നത്. കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലെയുടെ മാനേജര്‍ ഷാഗന്‍പ്രീത് സിങും ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്. സിദ്ധു മൂസെവാലെയെയും ബിഷ്‌ണോയ് സംഘമാണ് കൊലപ്പെടുത്തിയത്. നിലവില്‍ ഗുരുഗ്രാമില്‍ തടവില്‍ കഴിയുന്ന ഗുണ്ടാ നേതാവ് കൗശല്‍ ചൗധരി, എതിര്‍ സംഘത്തില്‍പ്പെട്ട അമിത് ദാഗര്‍ എന്നിവരും ബിഷ്‌ണോയ് ഗ്രൂപ്പിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.