ആലീസിന് വെടിയേറ്റത് ബാത്ത് ടബ്ബിൽ വെച്ച്; വെടിയുതിർത്തത് മാസങ്ങള്‍ക്ക് മുൻപ് വാങ്ങിയ തോക്ക് ഉപയോഗിച്ച്..
കിടപ്പുമുറിയിൽ നിന്നാണ് ഇരട്ടക്കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്
യു.എസിലെ കാലിഫോർണിയയിൽ വെച്ച് മരണപ്പെട്ട മലയാളി ദമ്പതികളുടെയും ഇരട്ടക്കുട്ടികളുടെയും കൂടുതൽ വിവരങ്ങള്‍ പുറത്ത്. കൊല്ലം സ്വദേശികളായ ആനന്ദ് സുജിത്ത് - ആലീസ് ദമ്പതികളാണ് മരണപ്പെട്ടത്.
കുളിമുറിയിൽ നിന്നാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. ബാത്ത് ടബ്ബിൽ വെച്ചാണ് ആലീസിന് വെടിയേറ്റത്. ആലീസിനു നേരെ വെടിയുതിർത്തതിന് ശേഷം ആനന്ദ് സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് പൊലീസിനെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരുടെയും ശരീരത്തിൽ വെടിയേറ്റ മുറിവുകളുണ്ട്. കുളിമുറിയിൽ നിന്ന് 9 മില്ലിമീറ്റർ പിസ്റ്റളും ലോഡ് ചെയ്ത തോക്കും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുൻപ് വാങ്ങിയ ഈ തോക്കിന് ലൈസൻസുമുണ്ട്.
ഇവരുടെ വീട്ടിൽ നിന്നും മരണക്കുറിപ്പോ മറ്റോ കണ്ടെടുത്തിട്ടില്ല. ഒരു ആക്രമണമോ മൽപ്പിടുത്തമോ നടന്നതിന്‍റെ ലക്ഷണങ്ങളോ വീട്ടിൽ നിന്ന് കണ്ടെത്താൻ ആയിട്ടില്ല. 2016 ഡിസംബറിൽ ആനന്ദ് വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു, എന്നാൽ അത് നടന്നിരുന്നില്ല.
കിടപ്പുമുറിയിൽ നിന്നാണ് ഇരട്ടക്കുട്ടികളായ നെയ്തന്‍റെയും നോഹയുടെയും മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇവരുടെ മരണകാരണം വ്യക്തമല്ല. ഇതിൽ അന്വേഷണം തുടരുകയാണ്. കുട്ടികളുടെ ശരീരത്തിൽ മുറിവേറ്റതിന്‍റെ ലക്ഷണമൊന്നും ഇല്ലാത്തതിനാൽ ഇവരെ ശ്വാസം മുട്ടിച്ചോ കഴുത്ത് ഞെരിച്ചോ കൊല്ലുകയോ മാരകമായ അളവിൽ മരുന്ന് നൽകുകയോ ചെയ്തതാണെന്നാണ് പൊലീസ് കരുതുന്നത്.
തിങ്കളാഴ്ച രാവിലെയാണ് സാൻ മാറ്റിയോയിലെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ ഭാര്യയും ഭർത്താവും 4 വയസ്സുള്ള ഇരട്ട ആൺകുട്ടികളെയും കണ്ടെത്തിയത്. നാല് വർഷത്തിലേറെയായി ദമ്പതികൾ ഈ വീട്ടിൽ താമസിച്ചിരുന്നതായും ഇരുവരും തമ്മിൽ സ്നേഹത്തിലയിരുന്നതായും മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അയൽവാസികൾ പറഞ്ഞു.