അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ രണ്ട് ജീവനക്കാർക്ക് വെടിയേറ്റു; പ്രതികൾ പിടിയിൽ
ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഖ്നൗ: അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി ക്യാമ്പസിൽ രണ്ട് ജീവനക്കാരെ വെടിവച്ച് കൊല്ലാൻ ശ്രമം. മുഹമ്മദ് നദീം, കലീം എന്നിവർക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോട്ടോർസൈക്കിളിൽ എത്തിയ രണ്ട് പേരാണ് തൊട്ടടുത്തെത്തി വെടിയുതിർത്തത്. ഇവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു നദീമും കലീമും. വഴിമധ്യേ മോട്ടോർ സൈക്കിളിൽ വന്ന രണ്ട് അക്രമികൾ ഇവരെ തടഞ്ഞുനിർത്തി തൊട്ടടുത്ത് നിന്ന് വെടിവയ്ക്കുകയായിരുന്നു.
വെടിയൊച്ച കേട്ട ഓടിയെത്തിയ യൂണിവേഴ്സിറ്റി സുരക്ഷാ പട്രോൾ ടീം അക്രമികളെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തിൽ മനസിലായതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ ജീവനക്കാർ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് എ.എം.യു പ്രോക്ടർ മുഹമ്മദ് വസീം അലി പറഞ്ഞു.