ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ 26 പ്രതികളെ വെറുതെവിട്ടു
പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ വാഹനത്തിലിട്ട് ജീവനോടെ കത്തിച്ചുകൊല്ലുകയായിരുന്നു.
അഹമ്മദാബാദ്: വംശഹത്യക്കിടെയുണ്ടായ കലോൽ കൂട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. 26 പ്രതികളെയാണ് പഞ്ച്മഹൽ അഡീഷണണൽ സെഷൻസ് ജഡ്ജി ലീലാ ഭായ് വെറുതെവിട്ടത്. കലോലിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട 12 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.
സാക്ഷിമൊഴിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്. പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കാൻ മതിയായ സാക്ഷിമൊഴികളില്ലെന്ന് കോടതി പറഞ്ഞു. 39 പ്രതികളാണ് കേസിൽ ആദ്യം ഉണ്ടായിരുന്നത്. ഇതിൽ 13 പേർ വിചാരണക്കാലയളവിൽ മരിച്ചുപോയിരുന്നു.
2002 മാർച്ച് ഒന്നിനുണ്ടായ വർഗീയ സംഘർഷത്തിനിടെ വിവിധ പ്രദേശത്തുനിന്ന് സംഘടിച്ചെത്തിയവർ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരെ ആക്രമിക്കുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കടകളും വീടുകളും കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ വാഹനത്തിലിട്ട് ജീവനോടെ കത്തിച്ചുകൊല്ലുകയായിരുന്നു. മറ്റൊരാളെ പള്ളിക്കകത്തിട്ടാണ് തീകൊളുത്തി കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.