സർക്കാർ സ്‌കൂളുകളെല്ലാം ഇനി ഇംഗ്ലീഷ് മീഡിയത്തിലേക്ക്; വിദ്യാഭ്യാസമേഖലയെ അടിമുടി മാറ്റാനൊരുങ്ങി തെലങ്കാന
സ്വകാര്യ സ്‌കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലെ ഫീസുകൾ നിയന്ത്രിക്കും
അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ എല്ലാ സർക്കാർ സ്‌കൂളുകളും ഇംഗ്ലീഷ് മീഡിയമാക്കാൻ തെലങ്കാന മന്ത്രിസഭ തീരുമാനിച്ചു. സ്വകാര്യ സ്‌കൂളുകൾ, ജൂനിയർ, ഡിഗ്രി കോളജുകൾ എന്നിവിടങ്ങളിലെ ഫീസ് നിയന്ത്രിക്കാനും തീരുമാനമായി. തിങ്കളാഴ്ച വിളിച്ചുചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിഷയങ്ങൾ പഠിക്കുന്നതിനും മാർഗരേഖ തയ്യാറാക്കുന്നതിനുമായി വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ ഉപസമിതിയെയും രൂപീകരിച്ചു.
സർക്കാർ സ്‌കൂളുകളിൽ മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുമായി 7289 കോടി രൂപ ചെലവിൽ 'മനവൊരു മന ബദി' (നമ്മുടെ ഗ്രാമം, നമ്മുടെ സ്‌കൂൾ) പദ്ധതിക്കും യോഗത്തിൽ മന്ത്രിസഭ അംഗീകാരം നൽകി. പഠനമാധ്യമം ഇംഗ്ലീഷിലാണെങ്കിൽ, ഗ്രാമീണ മേഖലയിലെ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ അയയ്ക്കാൻ തയ്യാറാകുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. അതിനാൽ സർക്കാർ സ്‌കൂളുകളിൽ ഇംഗ്ലീഷ് പഠന മാധ്യമമാക്കാനും അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും തീരുമാനമായി.
പ്രൈമറി തലത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ വിദ്യാഭ്യാസം നൽകാനും സ്‌കൂളിലെ അന്തരീക്ഷം കുട്ടികൾക്ക് ആകർഷകമാക്കാനും വൃത്തിയും വെടിപ്പുമുള്ളതാക്കാനും ഉച്ചഭക്ഷണം മെച്ചപ്പെടുത്താനും അധ്യാപകരെ പരിശീലിപ്പിക്കാനും കർമ്മ പദ്ധതി തയ്യാറാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.