മമത ഇപ്പോഴും ‘ഇൻഡ്യ’യുടെ ഭാഗം; ബിജെപിയെ നേരിടാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം - ജയറാം രമേശ്
ലോക് സഭ തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു
ഗോഡ്ഡ (ജാർഖണ്ഡ്): മമതാ ബാനർജി ഇപ്പോഴും ഇൻഡ്യ മുന്നണിയുടെ ഭാഗമാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോ എന്ന മമതയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മമത ഇപ്പോഴും 27 പാർട്ടികളടങ്ങുന്ന ഇൻഡ്യാ ബ്ലോക്കിന്റെ ഭാഗമാണെന്നാണ് ഞങ്ങൾ കരുതുന്നത്.
ബി.ജെ.പിക്കെതിരെ പോരാടുക എന്നതാണ് മമതയുടെയും ഞങ്ങളുടെയും പ്രധാന ലക്ഷ്യം. അതിന് ഒരുമിച്ച് നിൽക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. നിയമസഭ തെരഞ്ഞെടുപ്പിനല്ല നമ്മൾ ഒരുങ്ങുന്നതെന്നും, ലോക് സഭ തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ്, ബനാറസ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ മമത ബാനർജി വെല്ലുവിളിച്ചിരുന്നു. കോൺഗ്രസിന് 300 ൽ 40 സീറ്റ് കിട്ടുമോയെന്ന് അറിയില്ല. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായിട്ടും അവർ ബംഗാളിലേക്ക് വരുന്നത് തന്നെ അറിയിച്ചില്ലെന്നുമായിരുന്നു മമത പറഞ്ഞത്.