'രാജസ്ഥാനിലെ യോഗി' ആകുമോ അടുത്ത മുഖ്യമന്ത്രി? ആരാണ് ബാബാ ബാലക്‌നാഥ്...

ആത്മീയനേതാവായ ബാലക് തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത് ഇന്ത്യ-പാകിസ്താൻ മാച്ച് എന്നായിരുന്നു

Update: 2023-12-03 13:29 GMT
All things to know about Baba Balaknath
AddThis Website Tools
Advertising

ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസിന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ച് വൻ ഭൂരിപക്ഷത്തിലാണ് ബിജെപി മുന്നേറുന്നത്. 114 സീറ്റുകളിലും ലീഡ് ചെയ്യുകയാണ് ബിജെപി. ബിജെപിയിൽ നിന്ന് ആര് മുഖ്യമന്ത്രി ആകുമെന്നാണ് ഇനി ഉത്തരം കണ്ടെത്തേണ്ട പ്രധാന ചോദ്യം.

രാജസ്ഥാൻ ബിജെപിയുടെ കരുത്തുറ്റ നേതാവ് വസുന്ധരരാജ, കേന്ദ്രമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ ഗജേന്ദ്രസിംഗ് ഷെഖാവത്ത്, ബാബ ബാലക്‌നാഥ് എന്നിവരുടെ പേരുകളാണ് ഇതിൽ പ്രധാനമായും ഉയർന്നു കേൾക്കുന്നത്.

ഇവരിൽ പ്രധാനി അൽവാറിൽ നിന്നുള്ള എംപി ബാബ ബാലക്‌നാഥും. ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിനെ പോലെ രാജസ്ഥാനിൽ ബിജെപിയുടെ പ്രധാനിയായ നേതാവാണ് നാല്പ്പതുകാരനായ ബാബ ബാലക്‌നാഥ്. 'രാജസ്ഥാനിലെ യോഗി' എന്നാണ് ഇയാൾ അറിയപ്പെടുന്നതും. തിജാര മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്റെ ഇമ്രാൻ ഖാനെതിരെ വൻ ഭൂരിപക്ഷത്തിനാണ് ബാലക് ലീഡ് ചെയ്യുന്നത്.

ബാലക്കിനെ ബിജെപി മുഖ്യമന്ത്രി പദത്തിലേക്കുയർത്തുകയാണെങ്കിൽ ഉത്തർപ്രദേശിൽ യോഗിയുടെ പ്രതിരൂപമാകും രാജസ്ഥാനിൽ ബാലക്. രാജസ്ഥാനിലെ അറിയപ്പെടുന്ന ആത്മീയനേതാവായ ബാലക് നിയമസഭാ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത് ഇന്ത്യ-പാകിസ്താൻ മാച്ച് എന്നായിരുന്നു. വിജയത്തിന് വേണ്ടി മാത്രമുള്ള യുദ്ധമല്ല നടക്കുന്നതെന്നും ഭൂരിപക്ഷത്തിനാണ് ഇവിടെ പ്രാധാന്യമെന്നുമായിരുന്നു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രസ്താവന.

യോഗി ആദിത്യനാഥിന്റെ ബുൾഡോസർ രാജിനെ അനുസ്മരിപ്പിക്കും വിധം ബുൾഡോസറിലെത്തിയായിരുന്നു ബാലക്‌നാഥിന്റെ പത്രിക സമർപ്പണം. പത്രികാ സമർപ്പണ വേളയിൽ ലഖ്‌നൗവിൽ നിന്ന് തിജാര വരെയെത്തി യോഗി ആദിത്യനാഥ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാർട്ടിയുടെ മുഖമെന്നും അദ്ദേഹത്തിന് കീഴിൽ പ്രവർത്തനം തുടരുക മാത്രമാണ് ഉദ്ദേശമെന്നുമാണ് തെരഞ്ഞെടുപ്പ് ഫലത്തോട് ബാലക്‌നാഥ് പ്രതികരിച്ചത്. എംപി എന്ന നിലയിൽ സന്തുഷ്ടനാണെന്നും സമൂഹസേവനം മാത്രമാണ് ലക്ഷ്യമെന്നുമായിരുന്നു മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ പ്രതികരണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News