ആദ്യം സൂപ്പര്‍ ഹീറോ, ഇപ്പോള്‍ സംശയത്തിന്‍റെ നിഴലില്‍... ആരാണ് സമീര്‍ വാങ്കഡെ?

ആര്യന്‍ ഖാന്‍ കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് അന്വേഷണവും വകുപ്പുതല അന്വേഷണവും നേരിടുകയാണ് വാങ്കഡെ

Update: 2021-10-25 16:14 GMT
Advertising

മയക്കുമരുന്ന് മാഫിയയുടെ പേടിസ്വപ്നം, ബോളിവുഡ് താരങ്ങളെ പോലും വിറപ്പിക്കുന്ന ഓഫീസര്‍, മുഖം നോക്കാതെ നടപടിയെടുക്കുന്ന കര്‍ക്കശക്കാരന്‍‍... നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്ക് സൂപ്പര്‍ ഹീറോ പരിവേഷമായിരുന്നു ഇക്കാലമത്രയും. സത്യസന്ധനെന്ന് പേരെടുത്ത അതേ ഓഫീസര്‍ ഇപ്പോള്‍ സംശയത്തിന്‍റെ നിഴലിലാണ്. ആര്യന്‍ ഖാന്‍ കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് അന്വേഷണവും വകുപ്പുതല അന്വേഷണവും നേരിടുകയാണ്.

ആരാണ് സമീര്‍ വാങ്കഡെ?

ഐ.ആര്‍.എസിലെ 2008 ബാച്ച് ഉദ്യോഗസ്ഥനാണ് വാങ്കഡെ. ഇപ്പോള്‍ 40 വയസ്സുണ്ട്. എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ ഡപ്യൂട്ടി കമ്മീഷണറായും കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായും എന്‍ഐഎയില്‍ അഡിഷണല്‍ എസ്പിയായും ഡിആര്‍ഐ ജോയിന്‍റ് ഡയറക്ടറായും ജോലി ചെയ്ത ശേഷമാണ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലെത്തിയത്. ഈ വര്‍ഷം മികച്ച സേവനത്തിനുള്ള ആഭ്യന്തരമന്ത്രിയുടെ മെഡല്‍ ലഭിച്ചു. മുംബൈ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കു പിന്നാലെ എന്‍സിബിയില്‍ വാങ്കഡെയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. 


നികുതിവെട്ടിപ്പുകാരെ വിറപ്പിച്ചു

മുംബൈ ഇന്‍റര്‍നാഷണല്‍‌ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുന്നതിനിടെ നികുതി വെട്ടിപ്പ് കേസുകളില്‍ സെലിബ്രിറ്റികളെ ഉള്‍പ്പെടെ പിടികൂടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്ന് കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനല്‍കിയിരുന്നില്ല വാങ്കഡെ. 2013ല്‍ മുംബൈ വിമാനത്താവളത്തില്‍വെച്ച് ഗായകന്‍ മിക സിങ്ങിനെ വിദേശ കറന്‍സിയുമായി പിടികൂടിയത് ഒരുദാഹരണമാണ്. 2011ലെ ക്രിക്കറ്റ് ലോകകപ്പ് സ്വര്‍ണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തില്‍നിന്ന് വിട്ടുനല്‍കിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്. മഹാരാഷ്ട്ര സര്‍വീസ് ടാക്‌സ് വിഭാഗത്തില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യവേ നികുതി അടയ്ക്കാത്തതിന് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 

സുശാന്ത് സിങ് കേസും ബോളിവുഡിലെ മയക്കുമരുന്ന് വേട്ടയും

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച കേസിന് പിന്നാലെ ബോളിവുഡും ലഹരി മാഫിയയും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന അന്വേഷണം നടന്നത് വാങ്കഡെയുടെ നേതൃത്വത്തിലാണ്. ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലിഖാന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തു. താരങ്ങളെ ചോദ്യംചെയ്തെങ്കിലും ആ കേസില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. സുശാന്ത് സിങ് കേസിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 33 പേരെ അറസ്റ്റ് ചെയ്തു. സുശാന്ത് രാജ്പുതിന്‍റെ കേസാകട്ടെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി ശ്രമിച്ചു. ബിജെപി-ശിവസേന പോരായി കേസന്വേഷണം മാറുന്നതാണ് പിന്നീട് കണ്ടത്. റിയ ചക്രബര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.

മയക്കുമരുന്ന് മാഫിയയുടെ ആക്രമണം

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം 17,000 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഇത്തരം ഓപ്പറേഷനുകള്‍ക്കിടെ വാങ്കഡെക്കെതിരെ മയക്കുമരുന്ന് മാഫിയയുടെ ആക്രമണവും ഉണ്ടായിട്ടുണ്ട്. മുംബൈയില്‍ കാരി മാൻഡിസ് എന്ന ലഹരിക്കടത്തുകാരനെ അറസ്റ്റ് ചെയ്യാൻ പോയപ്പോഴായിരുന്നു ആക്രമണം. വാങ്കഡെയുടെ പരിക്ക് ഗുരുതരമായിരുന്നില്ലെങ്കിലും കൂടെയുണ്ടായിരുന്ന രണ്ട് എൻസിബി ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേറ്റു.


വാങ്കഡെയെ സെലിബ്രിറ്റിയാക്കിയ ആര്യന്‍ കേസ്

ഒക്ടോബര്‍ 2ന് മുംബൈ തീരത്തുനിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെ ദേശീയതലത്തില്‍ വാങ്കഡെയുടെ പേര് വീണ്ടും ഉയര്‍ന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെയും കൂട്ടുകാരെയുമാണ് വാങ്കഡെ പിടികൂടിയത്. വാങ്കഡെയും സംഘവും യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിയ ശേഷം നടുക്കടലിലെത്തിയപ്പോള്‍ റെയ്ഡ് നടത്തുകയായിരുന്നു. ആര്യന്‍റെ ലഹരി ഉപയോഗത്തിനു തെളിവുണ്ടെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നുമുള്ള എന്‍സിബിയുടെ വാദം മുഖവിലയ്ക്കെടുത്ത കോടതി, ജാമ്യഹരജി തള്ളി. ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ആര്യനിപ്പോള്‍. അതിനിടെ ആര്യന്‍റെ വാട്സ് ആപ്പ് ചാറ്റുകള്‍ പരിശോധിച്ചശേഷം നടി അനന്യ പാണ്ഡെയെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. ഇരുവരുടെയും ചാറ്റുകളില്‍ നിന്ന് ലഹരി ഉപയോഗം സംബന്ധിച്ച തെളിവു ലഭിച്ചെന്നാണ് എന്‍സിബിയുടെ അവകാശവാദം. കഴിഞ്ഞ ദിവസം എന്‍സിബി ഓഫീസിലെത്താന്‍ വൈകിയ അനന്യയെ സമീര്‍ വാങ്കഡെ ശാസിക്കുകയും ചെയ്തു.

വഴിത്തിരിവായി സാക്ഷിയുടെ സത്യവാങ്മൂലം

സമീര്‍ വാങ്കഡെക്കെതിരെ ആരോപണവുമായി ലഹരിക്കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ രംഗത്തെത്തിയതാണ് ആര്യന്‍ കേസിലെ ട്വിസ്റ്റ്. ആര്യന്‍ ഖാനെതിരായ കേസില്‍ ഷാരൂഖില്‍ നിന്ന് പണം തട്ടാന്‍ ഗൂഢാലോചന നടന്നു എന്നായിരുന്നു ആരോപണം. കേസിലെ മറ്റൊരു സാക്ഷിയായ കിരണ്‍ ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മിലെ സംഭാഷണം താന്‍ കേട്ടെന്നും ഷാരൂഖില്‍ നിന്ന് 25 കോടി തട്ടാനായിരുന്നു ഇവരുടെ പദ്ധതിയെന്നുമാണ് സത്യവാങ്മൂലം. 8 കോടി സമീര്‍ വാങ്കഡെക്ക് നല്‍കാമെന്ന് ഇരുവരും പറഞ്ഞത് കേട്ടെന്നും സാക്ഷിയുടെ സത്യവാങ്മൂലത്തിലുണ്ട്- "നിങ്ങള്‍ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയില്‍ ഒതുക്കിത്തീര്‍ക്കാം. 8 കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കാം"- ഒക്ടോബര്‍ മൂന്നിന് സാം ഡിസൂസ എന്നയാളും കേസിലെ സാക്ഷിയായ ഗോസാവിയും തമ്മില്‍ കണ്ടെന്നും ഇക്കാര്യമാണ് അവര്‍ സംസാരിച്ചതെന്നും പ്രഭാകര്‍ സെയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. തന്നെക്കൊണ്ട് വാങ്കഡെ 10 വെള്ളപേപ്പറില്‍ ഒപ്പിടുവിച്ചെന്നും പ്രഭാകര്‍ ആരോപിച്ചു. താന്‍ കപ്പലില്‍ റെയ്ഡ് നടക്കുമ്പോള്‍ അവിടെയില്ലായിരുന്നു. കപ്പലില്‍ നിന്ന് ലഹരി മരുന്ന് പിടികൂടിയോ എന്ന് അറിയില്ല. എന്നിട്ടും സാക്ഷിയാക്കിയെന്നും പ്രഭാകര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം വാങ്കഡെ നിഷേധിച്ചു. അങ്ങനെ പണം വാങ്ങിയിരുന്നെങ്കില്‍ ലഹരിപ്പാര്‍ട്ടി കേസില്‍ ആരും ജയിലിലാകുമായിരുന്നില്ലല്ലോ എന്നാണ് വാങ്കഡെയുടെ പ്രതികരണം.

വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണം

സാക്ഷിയുടെ ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. വകുപ്പുതല അന്വേഷണത്തിനും എൻ.സി.ബി ഡയറക്ടർ ജനറൽ സത്യ നാരായൺ പ്രധാൻ ഉത്തരവിട്ടു. പിന്നാലെ സമീര്‍ വാങ്കഡെ മുംബൈ സെഷന്‍സ് കോടതിയെ സമീപിച്ചു. കേസ് അന്വേഷണത്തിലെ തടസ്സങ്ങള്‍ ഇല്ലാതാക്കാനും നിലവിലുള്ള അന്വേഷണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ തടയാനും കോടതി ഇടപെടല്‍ ആവശ്യമാണെന്നാണ് വാങ്കഡെ കോടതിയോട് അപേക്ഷിച്ചത്.

വാങ്കഡെക്ക് കോടതിയില്‍ തിരിച്ചടി

ലഹരിക്കേസിലെ സാക്ഷി പ്രഭാകർ സെയിലിന്റെ സത്യവാങ്മൂലം സ്വീകരിക്കരുതെന്ന എൻസിബി ആവശ്യം മുംബൈ സെഷൻസ് കോടതി തള്ളി. പണം ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ കേസ് അന്വേഷണം വഴി തെറ്റിക്കാനാണെന്ന് സമീർ വാങ്കഡെ അവകാശപ്പെട്ടു.


'വാങ്കഡെ ബിജെപിയുടെ പാവ'

ആര്യന്‍ ഖാന്‍ കേസിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍ വാങ്കഡെക്കെതിരെ പരസ്യമായി രംഗത്തെത്തി. സെലിബ്രിറ്റികളെ പിടികൂടി വാര്‍ത്തകളില്‍ നിറയാനാണ് എന്‍സിബിക്ക് താത്പര്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ചു. മഹാരാഷ്ട്രയുടെ പ്രതിച്ഛായ മോശമാക്കാനാണ് ശ്രമം. ചെറിയ അളവില്‍ മയക്കുമരുന്ന് പിടികൂടുമ്പോള്‍ പോലും വലിയ സംഭവമാക്കുന്ന എന്‍സിബി ഉദ്യോഗസ്ഥര്‍, ഗുജറാത്തിലെ അദാനി പോര്‍ട്ടില്‍ നിന്നും 21000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയിട്ടും തുടരന്വേഷണം നടത്തുന്നില്ലെന്നും മന്ത്രിമാര്‍ ആരോപിച്ചു. വാങ്കഡെ ബിജെപിയുടെ പാവയാണെന്നായിരുന്നു എന്‍സിപി മന്ത്രി നവാബ് മാലികിന്‍റെ ആരോപണം. സമീര്‍ വാങ്കഡെ മുസ്‌ലിമാണെന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ പട്ടികജാതി സംവരണം ലഭിക്കുന്നതിനായി അത് മറച്ചുവെച്ച് സര്‍ട്ടിഫിക്കറ്റ് തിരുത്തിയതെന്നുമായിരുന്നു നവാബ് മാലിക്കിന്‍റെ മറ്റൊരു ആരോപണം. ഇതുമായി ബന്ധപ്പെട്ടതെന്ന് അവകാശപ്പെട്ട് രേഖകളും അദ്ദേഹം പുറത്തുവിടുകയുണ്ടായി. തന്‍റെ പിതാവ് ഹിന്ദുവും മാതാവ് മുസ്‍ലിമും ആണെന്ന് വാങ്കഡെ മറുപടി നല്‍കി. നിലവാരമില്ലാത്ത ആരോപണമാണ് നവാബ് മാലിക് തനിക്കെതിരെ ഉയര്‍ത്തുന്നതെന്നും മയക്കുമരുന്ന് കേസുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണിവയെന്നും സമീര്‍ വാങ്കഡെ വിശദീകരിച്ചു. ആരോപണ പ്രത്യാരോപണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ സമീര്‍ വാങ്കഡെ സൂപ്പര്‍ ഹീറോ പരിവേഷം വീണ്ടെടുക്കുമോ അതോ പുറത്തേക്ക് പോകുമോ എന്നാണ് ഇനി അറിയാനുള്ളത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - സിതാര ശ്രീലയം

contributor

Similar News