ഏക്‌നാഥ് ഷിൻഡെയും അജിത് പവാറും പിടിച്ചെടുത്തത് ഉദ്ധവ് താക്കറെ, ശരദ് പവാർ പക്ഷത്തിന്റെ 75 സിറ്റിങ് സീറ്റുകൾ

തെരഞ്ഞെടുപ്പ് വിജയത്തിലൂടെ യഥാർഥ ശിവസേന തങ്ങളാണെന്ന് തെളിഞ്ഞുവെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു.

Update: 2024-11-24 03:53 GMT
Advertising

ന്യൂഡൽഹി: ശിവസേനയിലെയും എൻസിപിയിലെയും ഇരു ചേരികൾ തമ്മിലുള്ള ബലപരീക്ഷണം കൂടിയായി മാറിയ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ചത് ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ വിഭാഗങ്ങൾ. ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന്റെ വിജയത്തിൽ നിർണായകമായത് ഈ പാർട്ടികളുടെ മകച്ച പ്രകടനം കൂടിയാണ്. ശിവസേന ഉദ്ധവ് വിഭാഗത്തിന്റെയും എൻസിപി ശരദ് പവാർ പക്ഷത്തിന്റെ 75 സിറ്റിങ് സീറ്റുകളാണ് ഷിൻഡെ, അജിത് പവാർ പക്ഷം പിടിച്ചെടുത്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 48ൽ 30 സീറ്റിലും വിജയിച്ച മഹാവികാസ് അഘാഡി സേനയിലെയും എൻസിപിയിലെയും പിളർപ്പ് വലിയ ആഘാതം സൃഷ്ടിച്ചില്ലെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാം തകിടംമറിയുകയായിരുന്നു. 132 സീറ്റാണ് ബിജെപി നേടിയത്. ശിവസേന ഷിൻഡെ വിഭാഗം 57 സീറ്റിലും എൻസിപി അജിത് പവാർ പക്ഷം 41 സീറ്റിലും വിജയിച്ചു. കേവലഭൂരിപക്ഷത്തിന് 145 സീറ്റ് ആവശ്യമായതിനാൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ ഷിൻഡെയുടെയും അജിത് പവാറിന്റെയും പിന്തുണ വേണ്ടിവരും. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.

95 സീറ്റിൽ മത്സരിച്ച ശിവസേന ഉദ്ധവ് വിഭാഗത്തിന് 20 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ശരദ് പവാർ പക്ഷ എൻസിപി 86 സീറ്റിൽ മത്സരിച്ചപ്പോൾ 10 സീറ്റ് മാത്രമാണ് നേടാനായത്. ഷിൻഡെ പക്ഷം നേടിയ 57 സീറ്റിൽ 40ഉം 2019ൽ അവിഭക്ത ശിവസേന വിജയിച്ച സീറ്റുകളാണ്. അജിത് പവാർ പക്ഷം വിജയിച്ചതിൽ 35ളും ശരദ് പവാർ പക്ഷത്തിന്റെ സീറ്റുകളാണ്.

ശിവസേനയും എൻസിപിയും പിളർന്നപ്പോൾ പാർട്ടിയുടെ യഥാർഥ പാർട്ടി ആരുടേതാണ് എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഷിൻഡെ, അജിത് പവാർ പക്ഷങ്ങൾക്ക് യഥാർഥ പാർട്ടി തങ്ങളാണെന്ന് അവകാശപ്പെടാൻ ഈ വിജയം സഹായിക്കും. ഉദ്ധവ് താക്കറെ പാർട്ടി സ്ഥാപകനായ ബാൽതാക്കറെയുടെ ആദർശം ഉപേക്ഷിച്ചതുകൊണ്ടാണ് താൻ പാർട്ടിയിൽ വിമർശനമുന്നയിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ ഉദ്ധവ് തയ്യാറായില്ല. എന്നാൽ ആരാണ് യഥാർഥ ശിവസേനയെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചെന്ന് ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.

ശരദ് പവാർ എന്ന മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായകന് ഏറ്റവും വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ്. രാജ്യസഭാ കാലാവധി അവസാനിച്ചാൽ ഇനി മത്സരിക്കാനില്ലെന്ന് പവാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അജിത് പവാർ പക്ഷത്തിന് മുന്നിൽ വലിയ തോൽവി ഏറ്റുവാങ്ങി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നത് ശരദ് പവാറിന് വലിയ തിരിച്ചടിയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News