'ജനങ്ങൾ മണ്ടൻമാരാണെന്ന് കരുതിയോ?'; ആദിപുരുഷ് സിനിമയുടെ നിർമാതാക്കളെ വിമർശിച്ച് കോടതി
തിരക്കഥാകൃത്ത് മനോജ് മുൻതാഷിർ ശുക്ലയെ കേസിൽ കക്ഷിചേർക്കാനും കോടതി ആവശ്യപ്പെട്ടു.
ലഖ്‌നോ: ആദിപുരുഷ് സിനിമയുടെ നിർമാതാക്കളെ വിമർശിച്ച് അലഹബാദ് ഹൈക്കോടതി. രാജ്യത്തെ ജനങ്ങൾ മണ്ടൻമാരാണെന്ന് കരുതിയോ എന്ന് ചോദിച്ച കോടതി തിരക്കഥാകൃത്ത് മനോജ് മുൻതാഷിർ ശുക്ലയെ കേസിൽ കക്ഷിചേർക്കാനും ആവശ്യപ്പെട്ടു. ശ്രീരാമനെയും ലക്ഷ്മണനെയും ഹനുമാനെയുമെല്ലാം കാണിച്ചിട്ട് ഇത് രാമായണമല്ലെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് കോടതി ചോദിച്ചു.
''സിനിമയിലെ സംഭാഷണങ്ങൾ വലിയ പ്രശ്‌നമാണ്. നമുക്ക് രാമായണം ഒരു അതുല്യ മാതൃകയാണ്. അങ്ങനെയുള്ളവയെ സിനിമ തൊടരുത്. സെൻസർ ബോർഡ് അവരുടെ കടമ നിർവഹിക്കുന്നുണ്ടോ? സിനിമ കണ്ടിട്ട് ആളുകൾ നിയമം കയ്യിലെടുത്തില്ലെന്നത് നല്ല കാര്യം. ചില സീനുകൾ അഡൾട്ട്‌സ് ഓൺലിയാണ്. ഇങ്ങനെയുള്ള സിനിമകൾ കാണാൻ വലിയ ബുദ്ധിമുട്ടാണ്''- സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോൾ കോടതി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്‌സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.
ഹിന്ദു ദേവനായ ശ്രീരാമന്റെ കഥയാണ് ആദിപുരുഷ്. ശ്രീരാമനായി പ്രഭാസ് എത്തുമ്പോൾ സീതയായി കൃതി സോനാൻ വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് രാവണന്റെ വേഷത്തിലെത്തുന്നത്.