സിദ്ദിഖ് കാപ്പന് മാധ്യമപ്രവർത്തകന്‍ എന്ന പരിഗണന നൽകാനാവില്ല: അലഹബാദ് ഹൈക്കോടതി

സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിച്ച ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

Update: 2022-08-04 12:23 GMT
Advertising

ഡല്‍ഹി: സിദ്ദിഖ് കാപ്പന് മാധ്യമ പ്രവർത്തകൻ എന്ന പരിഗണന നൽകാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിച്ച ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

സിദ്ദിഖ് കാപ്പനൊപ്പം ഹാഥ്റസിലേക്കുള്ള യാത്രയില്‍ കൂടെയുണ്ടായിരുന്നവര്‍ മാധ്യമപ്രവർത്തകർ ആയിരുന്നില്ലെന്നു കോടതി ഉത്തരവില്‍ പറയുന്നു. മാധ്യമപ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്റസിൽ പോയതെന്ന വാദം കുറ്റപത്രം പരിശോധിക്കുമ്പോൾ നിലനിൽക്കില്ലെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഒപ്പം പിടിയിലായ മറ്റു പ്രതികൾക്കൊപ്പം സിദ്ധിഖ് കാപ്പൻ പോയത് എന്തിനെന്നു തെളിയിക്കേണ്ടതുണ്ട്. ഹാഥ്റസിൽ സിദ്ദിഖ് കാപ്പന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്ന് അന്വേഷണ സംഘം ഊന്നിപ്പറയുന്നു. പ്രഥമ ദൃഷ്ട്യാ കാപ്പൻ ചെയ്തെന്നു പറയപ്പെടുന്ന കുറ്റം നിലനിൽക്കുമെന്നും ഉത്തരവിലുണ്ട്.

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്. പലവട്ടം മാറ്റിവച്ച ശേഷമാണ് കഴിഞ്ഞ ദിവസം വാദം പൂർത്തിയായത്. കുറ്റപത്രവും ഹാജരാക്കിയ രേഖകളും പരിശോധിച്ചപ്പോൾ, ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.ജാമ്യം നിഷേധിച്ച കോടതി നടപടി നിരാശജനകമാണെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ ഡൽഹി ഘടകം പ്രസ്താവനയില്‍ അറിയിച്ചു.

അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സിദ്ദിഖ് കാപ്പൻ സുപ്രിംകോടതിയെ സമീപിക്കും. ഹാഥ്റസ് ബലാത്സംഗം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് യു.പി പൊലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ച് 2020 ഒക്ടോബർ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്തരീക്ഷം തകർക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

സിദ്ദിഖ് കാപ്പനെതിരെ പിന്നീട് യു.എ.പി.എ ചുമത്തി.കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദം തകർക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പൊലീസ് സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്. മഥുരയിലെ പ്രാദേശിക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സിദ്ദിഖ് കാപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. 22 മാസമായി തടവിലാണ് സിദ്ദിഖ് കാപ്പന്‍.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News