പുതിയ മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ഇന്നറിയാം
മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്
മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള സസ്പെൻസ് ഇന്ന് അവസാനിക്കും. പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഇന്നറിയാൻ സാധിക്കും. സർക്കാരിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രി ആരെന്നതിലുള്ള സസ്പെൻസ് തുടരുന്നത്. കാലാവധി അവസാനിക്കുന്നതിന് മുൻപ് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യാത്ത പക്ഷം രാഷ്ട്രപതി ഭരണത്തിലേക്ക് സംസ്ഥാനം നീങ്ങുന്നതാണ് പതിവ്. മഹാരാഷ്ട്രയിലെ മുൻ സർക്കാരുകൾ കാലാവധി കഴിഞ്ഞു സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
ശിവസേന ഷിൻഡേ വിഭാഗം എംഎൽഎമാരുടെ യോഗം ചേർന്നു. മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ തുടരുന്നതിനോട് സംസ്ഥാന ബിജെപി നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ട്. അതേസമയം ആറ് എംപി മാരുള്ള ഷിൻഡെ പക്ഷത്തെ പിണക്കാൻ കേന്ദ്രനേതൃത്വവും തയ്യാറല്ല.
അതേസമയം, അജിത് പവാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളും മലബാർ ഹില്ലിൽ പ്രത്യക്ഷപ്പെട്ടു. മഹാരാഷ്ട്രയിൽ 132 സീറ്റാണ് ബിജെപി നേടിയത്. ശിവസേന ഷിൻഡെ വിഭാഗം 57 സീറ്റിലും എൻസിപി അജിത് പവാർ പക്ഷം 41 സീറ്റിലും വിജയിച്ചു.