മുൻ ലക്ഷദ്വീപ് എംപിയെ ജയിലിലടച്ചത് കോൺഗ്രസ്-ബി.ജെ.പി ഗൂഢാലോചനയെന്ന ആരോപണം അടിസ്ഥാന രഹിതം: യൂത്ത്‌കോൺഗ്രസ്

പ്രഫുൽ പട്ടേലിനെ സ്വീകരിച്ചാനയിച്ചതും അദ്ദേഹവുമായും ബി.ജെ.പി കേന്ദ്രനേതൃത്വവുമായും കൂട്ടുകെട്ടുണ്ടാക്കിയതും എൻ.സി.പി നേതൃത്വവും മുഹമ്മദ് ഫൈസലുമാണെന്നും ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ്

Update: 2023-01-29 13:44 GMT
Advertising

ലക്ഷദ്വീപ്: തന്നെ ജയിലിലടച്ചത് കോൺഗ്രസ്-ബി.ജെ.പി ഗൂഢാലോചനയാണെന്ന ലക്ഷദ്വീപിലെ എം.പിയായിരുന്ന മുഹമ്മദ് ഫൈസലിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് യൂത്ത്‌കോൺഗ്രസ്. പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എം. അലി അക്ബർ വാർത്തകുറിപ്പിൽ വ്യക്തമാക്കി.

2009ലെ പൊതു തിരഞ്ഞെടുപ്പ് ദിനത്തിൽ കോൺഗ്രസ് പ്രവർത്തകനും മുൻ കേന്ദ്രമന്ത്രി പി.എം. സഈദിന്റെ മകളുടെ ഭരത്താവുമായ മുഹമ്മദ് സാലിഹിനെതിരെ നടത്തിയ വധശ്രമത്തിന്റെ പേരിലാണ് മുഹമ്മദ് ഫൈസലും മറ്റ് മൂന്ന് പേരെയും കവരത്തി ജില്ലാ കോടതി ശിക്ഷിച്ച് കണ്ണൂർ ജയിലിൽ അടച്ചതെന്നും അല്ലാതെ ലക്ഷദ്വീപ് ജനതയ്ക്ക് വേണ്ടി പോരാടിയതിന്റെ പേരിലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ സ്വീകരിച്ചാനയിച്ചതും അദ്ദേഹവുമായും ബി.ജെ.പി കേന്ദ്രനേതൃത്വവുമായും കൂട്ടുകെട്ടുണ്ടാക്കിയതും എൻ.സി.പി നേതൃത്വവും മുഹമ്മദ് ഫൈസലുമാണെന്നും ആരോപിച്ചു. അദ്ദേഹം ആഭ്യന്തരമന്ത്രി അമിത് ഷായുടെ പൊതുയോഗത്തിൽ ഇരുന്നുവെന്നും രഹസ്യയോഗം നടത്തിയെന്നു യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ബി.ജെ.പിയുമായി രണ്ട് സ്റ്റെപ്പ് അടുത്ത് നിൽക്കണമെന്നും കോൺഗ്രസിനെക്കാൾ നല്ലത് അവരാണെന്നും പരസ്യമായി പ്രസംഗിച്ച് നടന്നത് ഫൈസലും പാർട്ടിയുമാണെന്നും വിമർശിച്ചു.

ലക്ഷദ്വീപ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം ലക്ഷദ്വീപ് ഭാരത് ജോഡോ യാത്രയുടെ പര്യടനത്തിൽ തുടരുന്ന സാഹചര്യത്തിൽ അവസരം മുതലെടുത്ത് ഏകപക്ഷീയമായി കേരളത്തിലെ ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള മുഹമ്മദ് ഫൈസലിന്റെ നുണപ്രചാരണങ്ങളിൽ പൊതു സമൂഹം വീണ് പോകരുതെന്നും ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

 Allegations of Congress-BJP conspiracy to jail former Lakshadweep MP baseless: Youth Congress

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News