‘വാതിലുകൾ അടഞ്ഞിട്ടില്ല’; ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിന് സാധ്യത തുടരുന്നു -ജയറാം രമേശ്
‘പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലും മത്സരിക്കുമെന്ന് അവർ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു’
ഗ്വാളിയോർ: ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് നേരത്തെ മുഖ്യമന്ത്രിയും ടി.എം.സി നേതാവുമായ മമത ബാനർജി വ്യക്തമാക്കിയിരുന്നു.
എന്നാൽ, തങ്ങൾ ഇപ്പോഴും പ്രതീക്ഷയിലാണെന്ന് പട്‌നയിൽ നടക്കുന്ന പ്രതിപക്ഷ റാലിക്ക് മുന്നോടിയായി ജയറാം രമേശ് വ്യക്തമാക്കി. തങ്ങൾ ഇൻഡ്യ സഖ്യത്തിനൊപ്പമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറയുന്നുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് മുൻഗണനയെന്നും അവർ വിശ്വസിക്കുന്നു. തങ്ങൾ അത് അവരുടെ മുൻഗണനയുടെയും ലക്ഷ്യത്തിന്റെയും പ്രസ്താവനയായി കാണുന്നുവെന്നും ജയറാം രമേശ് വ്യക്തമാക്കി.
തങ്ങൾ വാതിലുകളൊന്നും അടച്ചിട്ടില്ല. പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലും മത്സരിക്കുമെന്ന് അവർ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. അത് അവരുടെ പ്രഖ്യാപനമാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. വാതിലുകൾ ഇപ്പോഴും തുറന്നിരിക്കുന്നു. അതുവരെ അവസാന വാക്ക് പറയുന്നില്ല -രമേശ് ജയറാം പറഞ്ഞു.
ബീഹാർ തലസ്ഥാനമായ പട്‌നയിൽ നടക്കുന്ന സംയുക്ത പ്രതിക്ഷ റാലി വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ റാലിയാണ്. ഇത് ബി.ജെ.പിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താനുള്ള പ്രതിപക്ഷ ഐക്യത്തെ സൂചിപ്പിക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റാലിയിൽ പങ്കെടുക്കാൻ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇടവേള നൽകിയിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.