രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി രേവന്ദ് റെഡ്ഡി സർക്കാർ: രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകൾ എഴുതിതള്ളാന്‍ അനുമതി
2022 മെയ് 6ന് വാറങ്കലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണം കൂടിയാണ് ലോണുകള്‍ എഴുതിതള്ളാനുള്ള മന്ത്രിസഭാ തീരുമാനം.
ഹൈദരാബാദ്: കാർഷിക ലോണുകൾ എഴുതിത്തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. സംസ്ഥാനത്തെ കർഷകരുടെ രണ്ട് ലക്ഷം വരെ വരുന്ന വായ്പകള്‍ എഴുതിതള്ളാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഏകദേശം 40 ലക്ഷത്തോളം വരുന്ന കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കർഷക സമൂഹത്തെ പിന്തുണയ്ക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ കൂടി ഭാഗമായാണ് കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തീരുമാനിച്ചത്. 2022 മെയ് 6ന് വാറങ്കലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണം കൂടിയാണ് ലോണുകള്‍ എഴുതിതള്ളാനുള്ള മന്ത്രിസഭാ തീരുമാനം.
ഏകദേശം 31,000 കോടി രൂപയാണ് വായ്പ എഴുതിത്തള്ളലിനായി സര്‍ക്കാറിന് ചെലവാകുക. കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ സമർപ്പണത്തിന്റെ കൂടി ഭാഗമാണിതെന്ന് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വ്യക്തമാക്കി.
''തെലങ്കാനയിലെ കർഷകർക്ക് അഭിനന്ദനങ്ങൾ. നിങ്ങളുടെ രണ്ട് ലക്ഷം വരെയുള്ള കടങ്ങൾ എഴുതിതള്ളിയിരിക്കുന്നു. 2022 മെയ് ആറിന് രാഹുൽ ഗാന്ധിയാണ് കടങ്ങൾ എഴുതിതള്ളുമെന്ന വാഗ്ദാനം നിങ്ങൾക്ക് നൽകിയത്. ഇന്നിതാ നിങ്ങളുടെ കോൺഗ്രസ് സർക്കാർ ആ വാഗ്ദാനം നിറവേറ്റിയിരുന്നു. പറയുന്നതാണ് ചെയ്യുന്നത്. ഞങ്ങൾ കോൺഗ്രസാണ്''- രേവന്ത് റെഡ്ഡി സർക്കാറിന്റെ നീക്കത്തെ പ്രശംസിച്ച് കോൺഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പങ്കുവെച്ചത് ഇപ്രകാരമായിരുന്നു.
തെലങ്കാന സർക്കാറിന്റെ തീരുമാനത്തെ ചരിത്രപരം എന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിശേഷിപ്പിച്ചത്. ദരിദ്രർക്കും യുവാക്കൾക്കും കർഷകർക്കും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറായിരിക്കുമെന്ന വാഗ്ദാനമാണ് ഞങ്ങള്‍ നിറവേറ്റിയിരിക്കുന്നതെന്നും കെ.സി കൂട്ടിച്ചേര്‍ത്തു. അതേസമയം ലോണ്‍ എഴുതിതള്ളുന്നതിന്റെ മാനദണ്ഡം വരും ദിവസങ്ങളില്‍ തീരുമാനിക്കും. ഇതിനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ തന്നെ നിയോഗിച്ചിട്ടുണ്ട്.