സിദ്ദുവിനെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തുമെന്ന് അമരീന്ദർ
രാഹുലിനും പ്രിയങ്കക്കും പരിചയ സമ്പത്തില്ലെന്നും അവർ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണെന്നും മുൻ പഞ്ചാബ് മുഖ്യമന്ത്രി
കോൺഗ്രസിൽ തന്റെ എതിരാളിയായ നവജ്യോത് സിദ്ദുവിനെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തുമെന്നും സിദ്ദുവിന്റെ നേതൃത്വത്തിൽ സംസ്ഥാനതെരഞ്ഞെടുപ്പ് നേരിട്ടാൽ സീറ്റുകളുടെ എണ്ണത്തിൽ രണ്ടക്കം കടക്കില്ലെന്നും തെരഞ്ഞെടുപ്പിന് നാലുമാസം ബാക്കി നിൽക്കേ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നിറങ്ങേണ്ടി വന്ന ക്യാപ്റ്റൻ അമരീന്ദർ സിങ്.
2022 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ രാജ്യത്തിന് ഭീഷണിയായ സിദ്ദുവിന്റെ തോൽവി ഉറപ്പാക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രി ആകാതിരിക്കൻ ഏതറ്റം വരെയും പോകുമെന്നും ക്യാപ്റ്റൻ പറഞ്ഞു.
രാഹുലും പ്രിയങ്കയും സ്വന്തം മക്കളെ പോലെയാണെങ്കിലും ഇരുവർക്കും പരിചയ സമ്പത്തില്ലെന്നും അവർ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണെന്നും അമരീന്ദർ വിമർശിച്ചു.
രണ്ടുപേരെയും ഉപദേശകർ വഴി തെറ്റിക്കുകയാണെന്നും ഹെക്കമാന്റ് ആവശ്യപ്പെട്ടിട്ടല്ല താൻ രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ആഴ്ച്ച മുൻപ് രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും അമരീന്ദർ വ്യക്തമാക്കി. അന്ന് സോണിയ ഗാന്ധി തന്നോട് തുടരാൻ പറയുകയായിരുന്നുവെന്നും ക്യാപ്റ്റൻ വെളിപ്പെടുത്തി.
തനിക്ക് മുമ്പിൽ ഒരുപാട് അവസരങ്ങളുണ്ടെന്നും തന്റെ കൂടെയുള്ളവരോട് ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിജയിച്ച ശേഷം സോണിയ ഗാന്ധി പറഞ്ഞിരുന്നെങ്കിൽ മാറി നിൽക്കാൻ താൻ തയാറായിരുന്നുവെന്നും പരാജയത്തിന് ശേഷം കളം വിടില്ലെന്നും ഒരു പട്ടാളക്കാരൻ എന്ന നിലയിൽ തന്റെ കർത്തവ്യങ്ങൾ എന്താണെന്ന് അറിയാമെന്നും ക്യാപ്റ്റൻ പറഞ്ഞു.
താൻ എം.എൽ.എമാരെ ഗോവയിലേക്കോ മറ്റെവിടേക്കോ കൊണ്ടുപോകില്ലെന്നും താൻ ഗിമ്മിക്കുകൾ കാണിക്കാറില്ലെന്നും ഗാന്ധി കുടുംബത്തിന് ഇക്കാര്യം അറിയാമെന്നും ഇതൊന്നും ഇങ്ങനെ അവസാനിക്കരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. താൻ വേദനിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സിദ്ദു സൂപ്പർ മുഖ്യമന്ത്രിയായി ചമഞ്ഞാൽ പാർട്ടി യഥാർഥ രീതിയിൽ പ്രവർത്തിക്കില്ലെന്നും അമരീന്ദർ തുറന്നു പറഞ്ഞു. ഈ നാടക മാസ്റ്ററുടെ കീഴിൽ പാർട്ടി രണ്ടക്കം കടന്നാൽ തന്നെ വലിയ കാര്യമാണെന്ന് ക്യാപ്റ്റൻ പരിഹസിച്ചു.