കോണ്‍ഗ്രസ് വിടും, ബിജെപിയില്‍ ചേരില്ല: അമരീന്ദര്‍ സിങ്

ബിജെപിയിലേക്ക് പോകില്ലെന്നും അമരീന്ദര്‍

Update: 2021-09-30 08:29 GMT
Advertising

കോണ്‍ഗ്രസ് വിടുമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ തുടരില്ല. എന്നാല്‍ ബിജെപിയിലേക്ക് പോകില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമരീന്ദറിന്‍റെ പ്രതികരണം.

"ഞാനിപ്പോള്‍ കോണ്‍ഗ്രസിലാണ്. പക്ഷേ ഞാന്‍ ഇനി കോണ്‍ഗ്രസില്‍ തുടരില്ല. എന്നോട് ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു"- അമരീന്ദര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.  

മുതിർന്ന കോൺഗ്രസ് നേതാക്കളായ അംബിക സോണിയും കമൽനാഥും അമരീന്ദർ സിങിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ചൊവ്വാഴ്ച മുതൽ ഡൽഹിയിലുള്ള ക്യാപ്റ്റൻ തന്റെ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചിട്ടില്ല. അതേസമയം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 

കഴിഞ്ഞ ദിവസം അമരീന്ദര്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചത് പല അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ ബിജെപിയിലേക്ക് ഇല്ലെന്നാണ് അമരീന്ദര്‍ ഇന്നു പറഞ്ഞത്. കർഷകരുടെ വിഷയങ്ങള്‍ ചർച്ച ചെയ്യാനാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് ക്യാപ്റ്റന്റെ വിശദീകരണം. കൃഷ്ണമേനോൻ റോഡിലെ വീട്ടിൽ വൈകിട്ട് ആറു മണിക്ക് നടന്ന കൂടിക്കാഴ്ച മുക്കാൽ മണിക്കൂർ നീണ്ടു. മാധ്യമങ്ങളെ ഒഴിവാക്കാനായി വീടിന്റെ രണ്ടാം ഗേറ്റിലൂടെയാണ് അമരീന്ദർ പുറത്തുപോയത്. 

അമരീന്ദര്‍ സിങും നവജ്യോത് സിങ് സിദ്ദുവുമായുള്ള തര്‍ക്കമാണ് പഞ്ചാബ് കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് കാരണം. സെപ്തംബർ 18-ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അമരീന്ദർ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ കാണാനല്ല ഡൽഹിയിലെത്തുന്നത് എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹം അമിത് ഷായുടെ വീട്ടിലെത്തുകയായിരുന്നു. ക്യാപ്റ്റനെ പാർട്ടിയിലെത്തിക്കുകയാണെങ്കിൽ കേന്ദ്രത്തിന് തലവേദനയായ കർഷക സമരത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിക്കാമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നുണ്ട്. അകാലിദളുമായുള്ള സഖ്യം പിരിഞ്ഞശേഷം സംസ്ഥാനത്ത് ദുർബലമായ പാർട്ടിക്ക് അമരീന്ദറിന്റെ വരവ് പുതിയ ഊർജം നൽകുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

ബിജെപിയിൽ ചേരാതെ കോൺഗ്രസിന് ബദലായി പഞ്ചാബിൽ പുതിയ പാർട്ടി രൂപവത്കരിക്കാനാണ് അമരീന്ദറിന്റെ ശ്രമമെന്നും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവുമായി മാസങ്ങൾ നീണ്ട വടംവലിക്കൊടുവിലായിരുന്നു അമരീന്ദറിന്റെ രാജി. ചരൺജിത് ഛന്നിയാണ് പുതിയ മുഖ്യമന്ത്രി. മന്ത്രിസഭാംഗങ്ങളെ ചൊല്ലിയുള്ള അതൃപ്തിക്ക് പിന്നാലെ നവജോത് സിങ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനവും രാജിവെച്ചതോടെ കുഴഞ്ഞുമറിയുകയാണ് പഞ്ചാബ് രാഷ്ട്രീയം.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News