അമർനാഥിൽ മേഘവിസ്‌ഫോടനം; മരണം പതിനഞ്ചായി

ഗുഹാക്ഷേത്രത്തിന് സമീപത്തെ ടെന്റുകൾ ഒലിച്ചുപോയി. തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

Update: 2022-07-08 16:15 GMT
Editor : Shaheer | By : Web Desk
Advertising

ശ്രീനഗർ: ജമ്മു കശ്മിരിലെ അമർനാഥിൽ മേഘവിസ്‌ഫോടനം. അമർനാഥ് ഗുഹാക്ഷേത്രത്തിനു സമീപത്താണ് സംഭവം. അപകടത്തിൽ മരണം പതിനഞ്ചായി.

വൈകീട്ട് 5.30ഓടെയാണ് ഉഗ്രശബ്ദത്തോടെ മേഘവിസ്‌ഫോടനമുണ്ടായത്. ഇതിനു പിന്നാലെ മലവെള്ളം കുത്തിയൊഴുകി തീർത്ഥാടകർ താമസിച്ചിരുന്ന ക്ഷേത്രത്തിനു സമീപത്തെ ടെന്റുകൾ ഒലിച്ചുപോയി. തീർത്ഥാടകരാണ് അപകടത്തിൽപെട്ടത്. ഇതേതുടർന്ന് അമർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

മഴ ഇപ്പോൾ ശമിച്ചിട്ടുണ്ട്. തുടർന്ന് ദേശീയ ദുരന്തനിവാരണ സേനയും(എൻ.ഡി.ആർ.എഫ്) ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും(ഐ.ടി.ബി.പി) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പുതിയ കാലാവസ്ഥാ പ്രവചനം അനുസരിച്ച് സമീപത്തെ പെഹൽഗാം, ചന്ദൻവാരി, സോജി ലാ, പോഷ്പാത്രി തുടങ്ങിയ മേഖലകളിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ട്.

43 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് തീർത്ഥയാത്രയ്ക്ക് കഴിഞ്ഞ ജൂൺ 30നാണ് തുടക്കം കുറിച്ചത്. ദക്ഷിണ കശ്മിരിലെ അനന്തനാഗിലുള്ള നുൻവാൻ-പെഹൽഗാമിൽനിന്നും മധ്യകശ്മിരിലെ ഗന്ദർബാലിൽനിന്നുമാണ് യാത്ര ആരംഭിച്ചത്. ഇതിനകം തന്നെ ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ ഗുഹാക്ഷേത്രത്തിലെത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം.

Summary: Cloudburst near Amarnath cave, 15 pilgrims died

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News