അംബേദ്കർ നഗറിൽ ഇൻഡ്യ മുന്നണിയുടെ സ്ഥാനാർഥി വീട്ടുതടങ്കലിൽ; പ്രതിഷേധവുമായി കോൺഗ്രസും എസ്പിയും

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അഖിലേഷ് യാദവ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു

Update: 2024-05-25 11:28 GMT
Advertising

ലഖ്‌നൗ: ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥിയെ  ബിജെപി വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണം. ഉത്തർപ്രദേശിലെ  അംബേദ്കർ നഗർ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി ലാൽജി വർമ്മയെ തടങ്കലിൽ വെച്ചതിനെതിരെയാണ് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും രംഗത്തെത്തിയത്. ആറാംഘട്ടമായ ഇന്നാണ് അംബേദ്കർ നഗറിൽ വോട്ടിങ് നടക്കുന്നത്.

എസ്പി സ്ഥാനാർഥിയെ തടങ്കലിൽവെച്ച് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലത്താനാണ്  അംബേദ്കർ നഗർ ഭരണകൂടം ശ്രമിക്കുന്നതെന്നാരോപിച്ച് എസ്പി നേതാവ് അഖിലേഷ് യാദവ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു. കുറ്റമറ്റ തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വർമ്മയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയെന്നും പക്ഷെ അവർക്ക് ഒന്നും കണ്ടെത്താനായില്ലെന്നും അഖിലേഷ് പറഞ്ഞു. വർമ്മയുടെ പ്രതിച്ഛായ തകർക്കാനുള്ള ഇത്തരം നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോൽവിയെ ഭയന്നാണ് ബിജെപി സർക്കാരും മോദിയും ഇതൊക്കെ ചെയ്യുന്നതെന്നും അവർ സ്വേച്ഛാധിപതികളായി മാറിയെന്നും കോൺഗ്രസ് ആരോപിച്ചു.

സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് ഇൻഡ്യ മുന്നണിയുടെ സ്ഥാനാർഥികളെ തടഞ്ഞുവെക്കുകയും വോട്ടർമാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉണർന്നു പ്രവർത്തിക്കണമെന്നും കോൺഗ്രസ് പറഞ്ഞു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ നടപടിയെടുക്കണമെന്ന് സമാജ്‌വാദി പാർട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News