അംബേദ്കറെ അപമാനിച്ചതിനെതിരെ ബെംഗളൂരുവിനെ സ്തംഭിപ്പിച്ച് ദലിത് പ്രതിഷേധം
റായ്ച്ചൂർ ജില്ല കോടതിയിലെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പമുണ്ടായിരുന്ന അംബേദ്കറുടെ ചിത്രം എടുത്തുമാറ്റാൻ ജഡ്ജി ആവശ്യപ്പെട്ടതായിരുന്നു വിവാദ സംഭവം.
ഭരണഘടന ശിൽപിയായ ഡോ. ബി.ആർ. അംബേദ്കറെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ റായ്ച്ചൂർ ജില്ല ജഡ്ജി മല്ലികാർജുന ഗൗഡ പാട്ടീൽ അപമാനിച്ച സംഭവത്തിൽ ബെംഗളൂരുവിൽ ദലിത് സംഘടനകളുടെ വൻ പ്രതിഷേധം. 'സംവിധാന സംരക്ഷണ വേദികെ മഹാ ഒക്കൂട്ട'യുടെ നേതൃത്വത്തിൽ വിധാൻ സൗധ ചലോ എന്ന തലക്കെട്ടിലാണ് ശനിയാഴ്ച വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കുറ്റക്കാരനായ ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്നാരംഭിച്ച മാർച്ച് വിധാൻ സൗധ വഴി അനന്തറാവു സർക്കിളിൽ സമാപിച്ചു.
റായ്ച്ചൂർ ജില്ല കോടതിയിലെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പമുണ്ടായിരുന്ന അംബേദ്കറുടെ ചിത്രം എടുത്തുമാറ്റാൻ ജഡ്ജി ആവശ്യപ്പെട്ടതായിരുന്നു വിവാദ സംഭവം. തുടർന്ന് കർണാടക മുഴുവൻ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു.
എല്ലാ കോടതികളിലും അംബേദ്കറുടെ ചിത്രം സ്ഥാപിക്കണമെന്നും ജഡ്ജിമാരെ നിയമിക്കുമ്പോൾ പട്ടികജാതി-വർഗ, പിന്നാക്ക സമുദായങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും വനിതകൾക്കും മുൻഗണന നൽകണമെന്നും അവർ ആവശ്യപ്പെട്ടു. വിവാദ സംഭവത്തിലുൾപ്പെട്ട റായ്ച്ചൂർ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി മല്ലികാർജുന ഗൗഡ പാട്ടീലിനെ ഹൈകോടതി കഴിഞ്ഞദിവസം സ്ഥലംമാറ്റിയിരുന്നു. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് അപ്പലറ്റ് അതോറിറ്റിയിലേക്കാണ് സ്ഥലംമാറ്റം.