മുസ്‌ലിംകള്‍ക്കുള്ള സംവരണം ഭരണഘടനാവിരുദ്ധം; തെലങ്കാനയിലും റദ്ദാക്കും: അമിത് ഷാ
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നാല് ശതമാനം സംവരണം മാര്‍ച്ചിലാണ് കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കിയത്. പിന്നീട് ഈ ക്വാട്ട വീരശൈവ-ലിങ്കായത്തുകള്‍, വൊക്കലിംഗ സമുദായങ്ങള്‍ക്കായി തുല്യമായി വീതിച്ച് നല്‍കുകയായിരുന്നു.
ഹൈദരാബാദ്: തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുസ്‌ലിം വിഭാഗത്തിനുള്ള സംവരണം നിര്‍ത്തലാക്കുമെന്ന്് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നേരത്തെ കര്‍ണാടകയില്‍ ബസവരാജ ബൊമ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കിയിരുന്നു. ഇതേ നടപടി തെലങ്കാനയിലും ആവര്‍ത്തിക്കുമെന്നാണ് ഹൈദരബാദില്‍ വെച്ച് നടന്ന റാലിയില്‍ വെച്ച് അമിത് ഷാ പറഞ്ഞത്.
മുസ്‌ലിംകള്‍ക്കുള്ള സംവരണം ഭരണഘടാനപരമല്ലെന്നും ഇവ നിര്‍ത്തലാക്കിയേ തീരുവെന്നും അമിത് ഷാ പറഞ്ഞു. 'വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കുന്നത് ഞങ്ങള്‍ നിര്‍ത്തലാക്കും. ദളിതുകള്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുമുള്ള ഭരണഘടനാപരമായ അവകാശമാണ് ക്വാട്ടകള്‍. അവര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തും,' അമിത് ഷാ പറഞ്ഞു.
മുസ്‌ലിം വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട നാലില്‍ നിന്നും പന്ത്രണ്ട് ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു 2017 മുതല്‍ ശ്രമം നടത്തുന്നുണ്ട്. ഇവ വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന ചില റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷായുടെ പ്രഖ്യാപനം.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നാല് ശതമാനം സംവരണം മാര്‍ച്ചിലാണ് കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കിയത്. പിന്നീട് ഈ ക്വാട്ട വീരശൈവ-ലിങ്കായത്തുകള്‍, വൊക്കലിംഗ സമുദായങ്ങള്‍ക്കായി തുല്യമായി വീതിച്ച് നല്‍കുകയായിരുന്നു. കര്‍ണാടകയില്‍ മെയ് പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് വിലയിരുത്തലുകള്‍.
തെലങ്കാനയില്‍ ഈ വര്‍ഷാവസനം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്‌ലിംകള്‍ക്കുള്ള സംവരണം വിഷയമാക്കാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.
അതേസമയം, മുസ്‌ലിംകള്‍ക്കുള്ള സംവരണം റദ്ദാക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിയെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വികലമായ തീരുമാനമാണിതെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാകുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്.
സംവരണം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് വിവിധ മുസ്‌ലിം സംഘടനകള്‍ നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.