ഞങ്ങള്‍ക്കെതിരെ പറഞ്ഞതിനല്ല സത്യപാല്‍ മല്ലിക്കിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്: അമിത് ഷാ
"എന്റെ അറിവ് വെച്ച്, സത്യപാല്‍ മല്ലിക്കിനെ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസാണിത്. എന്തെങ്കിലും പുതിയ തെളിവോ വിവരമോ ഇപ്പോള്‍ ലഭിച്ചിരിക്കണം, അതാകും വീണ്ടും വിളിപ്പിച്ചത്"
ഞങ്ങള്‍ക്കെതിരെ പറഞ്ഞതുകൊണ്ടല്ല സത്യപാല്‍ മല്ലിക്കിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്: അമിത് ഷാബെംഗളൂരു: ബി.ജെ.പിക്കെതിരെ സംസാരിച്ചതുകൊണ്ടല്ല ജമ്മു-കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിനെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്വേഷണത്തിന്റെ ഭാഗമായി മൂന്നാം തവണയാണ് സത്യപാല്‍ മല്ലിക്കിനെ ചോദ്യം ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കര്‍ണാടക റൗണ്ട് ടേബിളില്‍ വെച്ചായിരുന്നു അമിത് ഷായുടെ പ്രതികരണം.
'എന്റെ അറിവ് വെച്ച്, സത്യപാല്‍ മല്ലിക്കിനെ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസാണിത്. എന്തെങ്കിലും പുതിയ തെളിവോ വിവരമോ ഇപ്പോള്‍ ലഭിച്ചിരിക്കണം, അതാകും വീണ്ടും വിളിപ്പിച്ചത്. ഞങ്ങള്‍ക്കെതിരെ സംസാരിച്ചതുകൊണ്ടാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതെന്ന ആരോപണങ്ങളില്‍ ഒരു സത്യവുമില്ല,' അമിത് ഷാ പറഞ്ഞു.
അടുത്തിടെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സത്യപാല്‍ മല്ലിക്ക് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തലുകള്‍. ജവാന്മാരെ കൊണ്ടുപോകാന്‍ പ്രതിരോധമന്ത്രാലയത്തോട് എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടിരുന്നെന്നും, അവ അനുവദിക്കാത്തതാണ് 40 ജവാന്മാരുടെ മരണത്തില്‍ കലാശിച്ചതെന്നും സത്യപാല്‍ പറഞ്ഞിരുന്നു.
ഇതേ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അന്ന് സംസാരിച്ചപ്പോള്‍ മിണ്ടാതിരിക്കാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ സംഭവത്തെ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചെന്ന സൂചനകളും സത്യപാല്‍ നല്‍കിയിരുന്നു.
ഈ വെളിപ്പെടുത്തല്‍ നടത്തി തൊട്ടുടത്ത ദിവസങ്ങളിലാണ് സത്യപാലിനെതിരെ സി.ബി.ഐ നടപടിയുണ്ടാകുന്നത്. ജമ്മു കശ്മീര്‍ ഗവര്‍ണറായിരിക്കെ തനിക്ക് ചില കരാറുകള്‍ അനുവദിക്കുന്നതാനായി 300 കോടി രൂപ തനിക്ക് കൈക്കൂലിയായി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്ന് 2018ല്‍ സത്യപാല്‍ മല്ലിക്ക് പറഞ്ഞിരുന്നു. ആര്‍.എസ്.എസ് നേതാവ് റാം മാധവിനെതിരെ ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
ഈ പരാതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സി.ബി.ഐയുടെ ചോദ്യം ചെയ്യലുണ്ടാകുന്നത് ബി.ജെ.പിയുടെ പ്രതികാര നടപടിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷായോട് ചോദ്യമുയര്‍ന്നത്.
ജനങ്ങളില്‍ നിന്ന് മറച്ചുവെക്കേണ്ട ഒരു കാര്യവും ബി.ജെ.പി സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും അധികാരം പോയപ്പോഴാണ് സത്യപാല്‍ മല്ലിക്കിന് ഇതൊക്കെ പറയാന്‍ തോന്നിയതെന്ന കാര്യം ശ്രദ്ധിക്കണമെന്നുമാണ് അമിത് ഷാ ഇതിനോട് പറഞ്ഞത്.
'ഞങ്ങളെ ഉപേക്ഷിച്ച് പോയ ശേഷമാണോ ഇതെല്ലാം അദ്ദേഹത്തിന്റെ മനസിലേക്ക് വന്നത്? അധികാരസ്ഥാനത്തിരുന്നപ്പോള്‍ എന്താണ് ഇതൊന്നും പറയാതിരുന്നത്. ഇത്തരം പ്രസ്താവനകളുടെ വിശ്വാസ്യത എന്താണെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. ഈ ആരോപണങ്ങളെല്ലാം സത്യമാണെങ്കില്‍ ഗവര്‍ണറായിരുന്നപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാതിരുന്നത്.
ഇതൊന്നും ഒരു പൊതുചര്‍ച്ചക്ക് വെക്കേണ്ട വിഷയമല്ല. ജനങ്ങളില്‍ നിന്ന് മറച്ചുവെക്കേണ്ട ഒരു കാര്യവും ബി.ജെ.പി സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഞങ്ങളില്‍ നിന്നും പിരിഞ്ഞുപോയ ശേഷം, സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വേണ്ടി നടത്തുന്ന പ്രസ്താവനകളെ ജനങ്ങളും മാധ്യമങ്ങളും വിലയിരുത്തും,' അമിത് ഷാ പറഞ്ഞു.
അതേസമയം, സത്യപാല്‍ മല്ലിക്കിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ന്യൂദല്‍ഹിയിലെ വസതിയിലേക്ക് ഹരിയാന, ദല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ ഖാപ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മൂന്നൂറോളം പേര്‍ പിന്തുണയുമായി എത്തിയിരുന്നു. തുടര്‍ന്ന് അനുമതിയില്ലാതെ യോഗം നടത്തിയെന്ന് ആരോപിച്ച് ഇക്കൂട്ടത്തിലെ നേതാക്കളായ മുപ്പതോളം പേരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.