ഇന്‍ഡ്യ സഖ്യം മാതൃരാജ്യത്തിനു വേണ്ടിയാണ്; അമിത് ഷാക്ക് മറുപടിയുമായി മമത ബാനര്‍ജി
ദലിതുകളും ആദിവാസികളും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നു. റിപ്പോർട്ടർമാരോട് പോലും ഹിന്ദുവോ മുസ്‍ലിമോ എന്ന് ചോദിക്കുന്നു
കൊല്‍ക്കൊത്ത: പ്രതിപക്ഷ സഖ്യത്തിനെതിരെയുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസത്തിന് മറുപടിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പി അക്രമത്തെ പിന്തുണയ്ക്കുകയാണെന്നും അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ തങ്ങളുടെ സഖ്യം വിജയിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
''സഖ്യത്തിലുണ്ടെന്നതു കൊണ്ടുമാത്രം ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയെ പിന്തുണയ്ക്കരുതെന്ന് പാർട്ടികളോട് ആവശ്യപ്പെടുകയാണ്. സഖ്യംകൊണ്ട് ഒരു കാര്യവുമുണ്ടാകില്ല. സഖ്യമുണ്ടായാലും പ്രധാനമന്ത്രി നരേന്ദ്ര മോദി വൻഭൂരിപക്ഷത്തിനു ജയിക്കും. പ്രധാനമന്ത്രിയായി അധികാരമേൽക്കുകയും ചെയ്യും. ജനങ്ങൾ ഒറ്റക്കെട്ടാണ്. സഖ്യം രൂപീകരിച്ചതുകൊണ്ടുമാത്രം ജനങ്ങളുടെ വിശ്വാസം ലഭിച്ചെന്നു കരുതേണ്ടെന്നുമാണ്'' അമിത് ഷാ പറഞ്ഞത്. എന്നാല്‍ 'ഞങ്ങളുടെ സഖ്യം പുതിയതാണ്. രാജ്യത്തുടനീളം ഞങ്ങൾക്ക് സാന്നിധ്യമുണ്ട്. വിപത്ത്, വർഗീയ സംഘർഷം, തൊഴിലില്ലായ്മ എന്നിവയിൽ' നിന്ന് രാജ്യത്തെ രക്ഷിക്കാൻ സഖ്യം വിജയിക്കണമെന്നായിരുന്നു മമത പറഞ്ഞത്.
ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ഈ ഇന്‍ഡ്യ സഖ്യം നമ്മുടെ മാതൃരാജ്യത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് എൻഡിഎയ്ക്ക് ഒരു വിലയും ഇല്ലാത്തത്. അവർ ഇത്രയും വർഷമായി ഒരു യോഗം നടത്തിയിട്ടില്ല. നേരത്തെ കൂടെയുണ്ടായിരുന്നവർ പോയി- മമത പറഞ്ഞു. 'ഭീകരത സൃഷ്ടിക്കുന്നത് അവരുടെ പാരമ്പര്യമാണ്, ഭരണഘടനയല്ല. ചിലപ്പോൾ എനിക്ക് ലജ്ജ തോന്നുന്നു. ദലിതുകളും ആദിവാസികളും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നു. റിപ്പോർട്ടർമാരോട് പോലും ഹിന്ദുവോ മുസ്‍ലിമോ എന്ന് ചോദിക്കുന്നു. അക്രമമല്ലാതെ മറ്റ് മാർഗമില്ലെന്ന് അവർ കരുതുന്നു. അവർ അക്രമം തെരഞ്ഞെടുത്ത് എല്ലാം കാവിയാക്കും. കാവി നിറം നമുക്ക് ഇഷ്ടമല്ലെന്നല്ല. പക്ഷേ രാജ്യം മുഴുവൻ കാവിയാണെങ്കിൽ മറ്റ് നിറങ്ങൾ എവിടെ പോകും? നമ്മുടെ ദൈവങ്ങളോടും ബലിയോടും ബന്ധപ്പെട്ട ഒരു ദിവ്യ നിറമാണ് കാവി. പീഡനത്തെ പരാമർശിക്കാൻ അവർ കാവിയെ ഉപയോഗിക്കുകയാണെന്നും മമത പറഞ്ഞു.