മണിക് സാഹയുടെ സത്യപ്രതിജ്ഞക്ക് പിന്നാലെ ത്രിപുരയിൽ ബി.ജെ.പി-ടിപ്ര മോഥ ചർച്ച
60 അംഗ ത്രിപുര നിയമസഭയിൽ 32 സീറ്റുകളാണ് ബി.ജെ.പി നേടിയത്. 13 സീറ്റുകളുമായി ടിപ്ര മോഥയാണ് രണ്ടാംസ്ഥാനത്തുള്ളത്.
അഗർത്തല: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയും ത്രിപുരയിൽ ടിപ്ര മോഥയുമായി ചർച്ച നടത്തുന്നു. ടിപ്ര മോഥ അധ്യക്ഷൻ പ്രദ്യോത് കിഷോർ ദെബ്ബർമയാണ് അഗർത്തല ഗസറ്റ്ഹൗസിൽ അമിത് ഷായുമായി ചർച്ച നടത്തുന്നത്. ടിപ്ര മോഥ ബി.ജെ.പി മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ചർച്ച.
മണിക് സാഹ ഇന്നലെ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. മൂന്ന് മന്ത്രിസ്ഥാനം ഒഴിച്ചിട്ടാണ് മണിക് സാഹയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റത്. ഒഴിച്ചിട്ട മന്ത്രിസ്ഥാനം ടിപ്ര മോഥ അംഗങ്ങൾക്കായി കാത്തുവെച്ചതാണെന്നാണ് റിപ്പോർട്ട്.
60 അംഗ ത്രിപുര നിയമസഭയിൽ 32 സീറ്റുകളാണ് ബി.ജെ.പി നേടിയത്. 13 സീറ്റുകളുമായി ടിപ്ര മോഥയാണ് രണ്ടാംസ്ഥാനത്തുള്ളത്. കേവലഭൂരിപക്ഷത്തിന് 31 സീറ്റുകളാണ് വേണ്ടത്. അതുകൊണ്ട് തന്നെ 32 സീറ്റുകൾ എന്നത് സുരക്ഷിതമായ അക്കമല്ല. ഈ പ്രതിസന്ധി മറികടക്കാനാണ് ടിപ്ര മോഥയുമായി സഖ്യനീക്കത്തിന് അമിത് ഷാ തന്നെ രംഗത്തിറങ്ങിയത്.
ത്രിപുരയിലെ ഗോത്രവർഗക്കാർക്ക് ഗ്രേറ്റർ ടിപ്രലാന്റ് എന്ന പേരിൽ പ്രത്യേക സംസ്ഥാനം വേണമെന്നാണ് ടിപ്ര മോഥയുടെ ആവശ്യം. ഇത് എഴുതി ഒപ്പിട്ടുകൊടുക്കുന്നവരെ മാത്രമേ പിന്തൂണക്കൂ എന്ന നിലപാടിലാണ് ടിപ്ര മോഥ തലവൻ.
സ്വതന്ത്ര സംസ്ഥാനം എന്ന ആവശ്യമടക്കം അമിത് ഷാ അനുഭാവപൂർവം പരിഗണിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം നൽകുന്ന വിവരം. ഈ വിഷയത്തിൽ തുടർ ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം മധ്യസ്ഥനെ നിയോഗിക്കുമെന്നാണ് സൂചന.