അമിത് ഷാ കുമാരസ്വാമിയെ കണ്ടു; ജെ.ഡി.എസ് എൻ.ഡി.എയിലേക്ക്
ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ഈ മാസം ആദ്യം ലോക്‌സഭയിൽ ജെ.ഡി.എസുമായി ധാരണയുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു
ബംഗളൂരു: എൻ.ഡി.എ സഖ്യത്തിൽ ചേരാൻ ജെ.ഡി.എസ് തീരുമാനം. കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം എൻ.ഡി.എയിൽ ചേരാൻ ജെ.ഡി.എസ് തീരുമാനമെടുത്തത്. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പാർട്ടിയുടെ പാർലമെന്ററി ബോർഡ് അംഗം കൂടിയായ മുതിർന്ന ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ ഈ മാസം ആദ്യം ലോക്‌സഭയിൽ ജെ.ഡി.എസുമായി ധാരണയുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു.
കർണാടകയിൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മാണ്ഡ്യയിൽ നിന്നുള്ള സുമലത അംബരീഷ് വിജയിച്ചു. കോൺഗ്രസും ജെ.ഡി.എസും ഓരോ സീറ്റ് വീതം നേടി. ഈ വർഷം മേയിൽ നടന്ന 224 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകൾ നേടിയപ്പോൾ ബിജെപി 66 ഉം ജെ.ഡി.എസ് 19 ഉം സീറ്റുകൾ നേടി.