കശ്മീര്‍ വിഷയത്തില്‍ പാകിസ്താനോട് ചര്‍ച്ചക്കില്ല : അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ കശ്മീർ സമാധാനത്തിന്‍റെ പാതയിലാണെന്ന് അമിത്ഷാ

Update: 2021-10-26 05:48 GMT
Advertising

കശ്മീർ വിഷയത്തിൽ പാക്കിസ്താനോട് ചർച്ചക്കില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസം ശ്രീനഗറിൽ വച്ച് നടന്ന പൊതുസമ്മേളനത്തിലാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ കശ്മീരിലെത്തിയത്. കശ്മീർ വിഷയത്തിൽ പാക്കിസ്താനോട് ചർച്ച നടത്തണമെന്ന് ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു.

'കാശ്മീർ വിഷയത്തിൽ പാക്കിസ്താനോട് ചർച്ചനടത്താനാണ് ഫാറൂഖ് സാഹിബ് എന്നോട് പറയുന്നത്. എനിക്ക് കാശ്മീർ ജനതയോടാണ് സംസാരിക്കാനുള്ളത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി കശ്മീർ ജനത നിരന്തമായ പീഡനങ്ങൾ അനുഭവിച്ചു വരികയാണ്. 40,000 മനുഷ്യര്‍ക്കാണ് ജീവൻ നഷ്ടമായത്. അതിൽ സിവിലിയന്മാരും സൈനികരുമുണ്ട്. ഇപ്പോൾ എല്ലാ ചോരക്കളികൾക്കും അറുതിയായിരിക്കുന്നു. അമിത്ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ കശ്മീർ സമാധാനത്തിന്‍റേയും വികസനത്തിന്‍റേയും ഒരു പുതുയുഗത്തിലാണെന്ന് അമിത്ഷാ കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം അമിത്ഷായുടെ ആദ്യ കശ്മീർ സന്ദർശനമാണിത്. 370ാം വകുപ്പ് റദ്ദാക്കിയത് കശ്മീരിന്‍റെ വികസനത്തിന് വേണ്ടിയാണെന്നും 2024 ആവുമ്പോഴേക്കും കശ്മീർ ജനത ഇതിന്‍റെ ഗുണഫലങ്ങൾ അനുഭവിച്ചു തുടങ്ങുമെന്നും അമിത്ഷാ പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News