മണിപ്പൂരിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഗോത്ര വിഭാഗങ്ങൾക്ക് വാഗ്ദാനവുമായി അമിത് ഷാ
സംഘർഷം നടന്ന മോറെ ഉൾപ്പടെയുള്ള മേഖലകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് സന്ദർശനം നടത്തും
ഇംഫാല്‍: മണിപ്പൂരിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഗോത്ര വിഭാഗങ്ങൾക്ക് വാഗ്ദാനവുമായി അമിത് ഷാ. പുനരധിവാസം ഉൾപ്പടെയുള്ള ഉറപ്പുകളാണ് അമിത് ഷാ നൽകിയത്. സംഘർഷം നടന്ന മോറെ ഉൾപ്പടെയുള്ള മേഖലകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് സന്ദർശനം നടത്തും.
കലാപം രൂക്ഷമായി ബാധിച്ച ഗോത്ര വിഭാഗങ്ങളുടെ ഗ്രാമങ്ങൾക്ക് മതിയായ സഹായം നൽകാമെന്ന ഉറപ്പാണ് ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയത്. അടുത്ത 15 ദിവസം അക്രമ സംഭവങ്ങൾ ഉണ്ടാകാതെ സമാധാനം നിലനിർത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനയാണ് ആഭ്യന്തര മന്ത്രി ഗോത്ര വർഗ പ്രതിനിധികൾക്ക് മുൻപിൽ വെച്ചത്. സംസ്ഥാന സർക്കാരിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും ആക്രമിക്കപ്പെട്ടാൽ പ്രതിരോധിക്കുമെന്നും നേതാക്കൾ മറുപടി നൽകി.
സുപ്രിം കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഒരു ജുഡീഷ്യൽ ഇൻജുറി കമ്മീഷൻ രൂപീകരിക്കുമെന്നും കേസുകൾ സംസ്ഥാന ഏജൻസികളെ ഒഴിവാക്കി സിബിഐ അന്വേഷിക്കുമെന്നും അമിത് ഷാ ഉറപ്പ് നൽകി. കലാപത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നേരിട്ട് എത്തിക്കുമെന്നതും ജൂണിലും ജൂലൈയിലും മൂന്ന് ദിവസം വീതം മണിപ്പൂരിൽ സന്ദർശിക്കാമെന്നതും ആഭ്യന്തര മന്ത്രി കുകി വിഭാഗത്തിന് നൽകിയ ഉറപ്പാണ്. മരിച്ചവരുടെ കുടുംബത്തിലെ ഒരു അംഗത്തിന് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനിടെ മണിപ്പൂരിലെ സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കിൽ നേടിയ മെഡലുകൾ തിരികെ നൽകുമെന്ന് മണിപ്പൂരിൽ നിന്നുള്ള കായിക താരങ്ങൾ അമിത് ഷായ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.